നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നീലേശ്വരം: ഒന്നര പതിറ്റാണ്ടിന് ശേഷം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മൂന്നാം പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 4 മുതല്‍ 9 വരെയാണ് പെരുംങ്കളിയാട്ടം നടക്കുക.കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ വരച്ചുവെക്കല്‍ ഫെബ്രുവരി 27ന് രാവിലെ നടക്കും.മാര്‍ച്ച് ഒന്നിന് മന്ദംപുറത്തുകാവിലെ വടക്കേ കളരിയില്‍ നിന്നും കലശ പാത്രം കൊണ്ടുവരും. മാര്‍ച്ച് 2 ന് കലവറനിറക്കലും വൈകിട്ട് 5 ന് വനിത കമ്മറ്റിയുടെ നേതൃത്വത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജയും. 3 ന് കരുവാച്ചേരി പതിക്കാല്‍ ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്തില്‍ നിന്നും കഴകപ്പായയും കൊണ്ടുവരും. 4ന് രാവിലെ 9 മണിക്ക് പള്ളിക്കര ഭഗവതി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോടെ പെരുങ്കളിയാട്ടത്തിന് തുടക്കമാകും.

എല്ലാ ദിവസവും രാത്രി പുലിയൂര്‍ കണ്ണന്‍, രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി, പുല്ലൂര്‍ കാളി, പാടാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി കോലങ്ങള്‍ കെട്ടിയാടും. ആദ്യദിവസം തൂവക്കാരന്‍ ദൈവവും, നാഗരാജാവും നാഗകന്യകയും അരങ്ങില്‍
എത്തും.അഞ്ചാം കളിയാട്ടമായ 8ന് വൈകിട്ട് മൂന്നുമണിക്ക് കേമംഗലം ഭഗവതി മംഗലം കുഞ്ഞുങ്ങളോട്കൂടി എഴുന്നള്ളും.സമാപന ദിവസമായ മാര്‍ച്ച് 9ന് രാവിലെ 10 30 നും 10 .50 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കേണമംഗലം ഭഗവതിയുടെ തിരുമുടിഉയരുന്നതോടെ പെരുംങ്കളിയാട്ടത്തിന് സമാപനമാകും.

എല്ലാ ദിവസവും വൈകിട്ട് മൂന്നുമണിക്കും രാത്രി 9 മണിക്കും കേണമംഗലം ഭഗവതിയുടെ ഉച്ചത്തോറ്റവും അന്ത്യത്തോറ്റവും
തുടര്‍ന്ന് വിവിധ തെയ്യക്കോലങ്ങളും,സന്ധ്യാ വേല, കുളിച്ചു തോറ്റം, അന്തിത്തോറ്റം, വെള്ളാട്ടം, എന്നിവയുമുണ്ടാകും.
കളിയാട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 7 വരെ വിവിധ കലാ -സാംസ്‌കാരിക പരിപാടികള്‍ നടക്കും.വാര്‍ത്താസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്‍,ജനറല്‍ കണ്‍വീനര്‍ പി രമേശന്‍, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്പി കുഞ്ഞി കൃഷ്ണന്‍, ചീഫ് കോര്‍ഡിനേറ്റര്‍ പി രമേഷ് കുമാര്‍, ട്രഷറര്‍ പി ഗോപികൃഷ്ണന്‍, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ സേതു ബങ്കളം, കണ്‍വീനര്‍ ബാലന്‍ കക്കാണത്ത്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ ,കണ്‍വീനര്‍ കെ രഘു,കലവറ കമ്മിറ്റി ചെയര്‍മാന്‍ പി രാഘവന്‍,പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ എ വി കൃഷ്ണന്‍,പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ സജീവന്‍ മടിവയല്‍ സജീവന്‍ വെങ്ങാട്ട് എന്നിവര്‍  സംബന്ധിച്ചു.

error: Content is protected !!