പൂച്ചക്കാട്ട് വീടിനു തീ വെക്കുകയും ചിക്കന്‍ സ്റ്റാള്‍ ഉടമയെ വധിക്കാനും ശ്രമിച്ച കേസിലെ മുഖ്യപ്രതി ഗോവയില്‍ പിടിയില്‍

പള്ളിക്കര :പൂച്ചക്കാട്ട് വീടിനു തീവെയ്ക്കുകയും കേസ് പിന്‍വലിക്കാത്തതില്‍ പ്രകോപിതനായി പരാതിക്കാരന്റെ സഹോദരനെ ബൈക്കില്‍ കാറിടിച്ചു വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍.

മുഹമ്മദ് റാഫി എന്നയാളാണ് വെള്ളിയാഴ്ച രാത്രി ഗോവ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റിലായത്. ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ പ്രശ്നത്തിന്റെ പേരില്‍ പൂച്ചക്കാട്
റഹ്‌മത്ത് റോഡിലെ കെ.എം. ഫൈസലിന്റെ വീടിന് ഈ മാസം 10 ന് തീവച്ചിരുന്നു. ഈ സംഭവത്തില്‍ മുഹമ്മദ് റാഫി അടക്കമുള്ളവര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. പ്രസ്തുത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് റാഫി ഫൈസലിനെ സമീപിച്ചിരുന്നുവത്രെ. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതിന്റെ വിരോധത്തില്‍ സഹോദരനായ മുഹമ്മദിനെ ആക്രമിക്കുകയായിരുന്നുവെന്നു ഫൈസല്‍ പറഞ്ഞു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന
ജ്യേഷ്ഠനും ചിക്കന്‍ വ്യാപാരിയുമായ പൂച്ചക്കാട് അരയാല്‍ത്തറ കണ്ടത്തില്‍ കെ എം മുഹമ്മദ് കുഞ്ഞിയെ (52) ഈ മാസം 19 ന് വൈകീട്ട് ചേറ്റുകുണ്ടില്‍ വെച്ച് കാറിടിച്ച് വീഴ്ത്തി മാരകായുധങ്ങള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ബേക്കല്‍ പോലീസ് മുഹമ്മദ് റാഫിക്കെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. പ്രതി വിദേശത്തേക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന
സൂചനകളെ തുടര്‍ന്ന് പോലീസ് ഫോട്ടോകളും മറ്റും വിമാനത്താവളങ്ങളിലേക്ക് അയച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഗോവ വിമാനത്താവള അധികൃതര്‍ വെള്ളിയാഴ്ച രാത്രി മുഹമ്മദ് റാഫിയെ തടഞ്ഞുവച്ച് ബേക്കല്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുഹമ്മദ് റാഫിയെ ഗോവയിലെത്തി കസ്റ്റഡിയിലെടുത്തു

error: Content is protected !!