എണ്ണപ്പാറയില്‍ ഭൂതാരാധനയുടെ ചരിത്ര ശേഷിപ്പുകള്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ബേളൂര്‍ വില്ലേജിലെ പറക്കളായി വലിയടുക്കത്ത് രതി രാധാകൃഷ്ണന്റെ പറമ്പില്‍ നിന്നും വീട് നിര്‍മ്മിക്കുന്നതിന് മണ്ണു മാറ്റുമ്പോള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നേര്‍ച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. സങ്കര ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച നിരവധി രൂപങ്ങളാണ് കണ്ടെത്തിയത്. വിവിധ വസ്തുക്കള്‍ കണ്ടെത്തിയ കാര്യം നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എ. ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന ജനമൈത്രി ബീറ്റ് ഓഫീസര്‍ ടി.വി. പ്രമോദ് അറിയിച്ചതനുസരിച്ച് സ്ഥലം സന്ദര്‍ശിച്ച ചരിത്ര ഗവേഷകനും നെഹ്‌റു കോളേജിലെ അധ്യാപകനുമായ ഡോ.നന്ദകുമാര്‍ കോറോത്ത്, പ്രസ്തുത രൂപങ്ങള്‍ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ ഉത്തരകേരളത്തില്‍ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേര്‍ച്ച സമര്‍പ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണെന്ന് അഭിപ്രായപ്പെട്ടു. ഇക്കേരി നായകരുടെ കലഘട്ടവുമായി ബന്ധപ്പെട്ടവയായിരിക്കാം കണ്ടെത്തിയവയിലുള്ള നമസ്‌കാര മുദ്ര കാണിക്കുന്ന രൂപങ്ങള്‍ എന്ന് പ്രശസ്ത പുരാവസ്തു ഗവേഷകന്‍ പ്രൊഫ.അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. പന്നി, മാന്‍, കോഴി, ഞണ്ട്, മാന്‍, ആട്, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങളും തെയ്യാരാധനയുമായി ബന്ധപ്പെട്ട അണിയലങ്ങളുടെയും തിരുമുടിയുടെയും രൂപങ്ങള്‍, ഒരു മീറ്റര്‍ ഉയരം വരുന്ന നിലവിളക്ക്, വാള്‍, കൊടിയിലയുടെ മൂന്ന് രൂപങ്ങള്‍, അടക്ക, തൃശൂലം, മെതിയടി എന്നിങ്ങനെ നിരവധി രൂപങ്ങളാണ് മണ്ണിനിടയില്‍ നിന്ന് കണ്ടെത്തിയത്. വാര്‍ഡ് മെമ്പര്‍ കെ. ശൈലജ, ബീറ്റ് ഓഫീസര്‍ ടി.വി.പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഹാരിസ് എന്നിവരും സ്ഥലംസന്ദര്‍ശിച്ചു.

error: Content is protected !!