പെരിയ: വിഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി കുടുംബശ്രീ നടത്തിയ പ്രഥമ ജില്ലാ കായികമേള ‘ബഡ്സ് ഒളിമ്പിയ 2025ല്‍’ പെരിയ മഹാത്മാ മോഡല്‍ ബഡ്സ് സ്കൂള്‍ ചാമ്പ്യന്മാരായി. 61 പോയിന്റാണ് ചാമ്പ്യന്മാര്ക്ക്. 52 പോയിന്റ് നേടി പ്രത്യാശ ബഡ്സ് സ്കൂള്‍ നീലേശ്വരം രണ്ടും, 39 പോയിന്റുമായി പനത്തടി എം സി ആര് സി ബഡ്സ് സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ലോവര്‍ എബിലിറ്റി, ഹയര്‍ എബിലിറ്റി എന്നീ വിഭാഗങ്ങളിലായി 150 വിദ്യാര്‍ഥികള്‍ കായികമേളയില്‍ മാറ്റുരച്ചു. ജില്ലയിലെ 17 സ്കൂളുകള്‍ പങ്കെടുത്തു. 50, 100 മീറ്റര്‍ ഓട്ടം, ലോങ് ജമ്പ്, 100 മീറ്റര്‍ നടത്തം, സോഫ്റ്റ് ബോള്‍ ത്രോ, ഷോര്‍ട്ട്പുട്ട്, സ്റ്റാന്‍ഡിങ് ബ്രോഡ് ജമ്പ്, റിലേ, ബാസ്കറ്റ് ബോള്‍ ത്രോ എന്നിവയായിരുന്നു മത്സര ഇനങ്ങള്‍. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മേള സിനിമ താരം കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ (ഇന്‍ ചാര്‍ജ്) സി എച്ച് ഇക്ബാല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ കിഷോര്‍ കുമാര്‍ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ കെ വി ലിജിന്‍ നന്ദിയും പറഞ്ഞു. ജേതാക്കള്‍ 27, 28 തീയതികളില്‍ കലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന സംസ്ഥാന മേളയില്‍ മാറ്റുരയ്ക്കും
