കാസര്‍കോട് : കേരളത്തില്‍ തൊഴിലില്ലായ്മ മൂലം യുവാക്കള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ധൂര്‍ത്ത് തുടരുന്ന കേരള പി.എസ്.സി പിണറായി സര്‍വ്വീസ് കമ്മീഷനായി മാറിയെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി പറഞ്ഞു.
പി.എസ്.സി. ചെയര്‍മാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചത് പി.എസ്.സി ലിസ്റ്റില്‍ ഇടം നേടി നിയമനം കാത്തിരിക്കുന്ന കേരളത്തിലെ ലക്ഷക്കണക്കിന് തൊഴില്‍രഹിതരെ പരിഹസിക്കുന്നതിന് തുല്യമാണ്. പരിശീലകര്‍ മുതല്‍ പാചക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് കൗണ്‍സില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസം നാലായി. ക്ഷേമപെന്‍ഷനുകള്‍ ഇനിയും കുടിശ്ശികയുണ്ട്. ഇതൊന്നും പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഫണ്ടില്ലെന്നിരിക്കെ പി.എസ്.സി അംഗങ്ങളുടെയും ചെയര്‍മാന്റെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചത് അംഗീകരിക്കാന്‍ കഴിയില്ല. പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഭരണം നഷ്ടമാകുംമുമ്പ് പരമാവധി വെട്ടിപ്പും ധൂര്‍ത്തും സ്വജനപക്ഷപാതവും എന്നതാണ് പിണറായി സര്‍ക്കാരിന്റെ നയമെന്നും അശ്വിനി കൂട്ടിച്ചേര്‍ത്തു.
