ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഭിന്നശേഷി സൗഹൃദ മാതൃകാ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ദാനം 22 ന് ഇരിയയില്‍ നടക്കും; കൈതപ്രം ദാമോദരന്‍ നമ്പൂതിരി താക്കോല്‍ദാനം നിര്‍വഹിക്കും

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി ഭിന്നശേഷി സൗഹൃദ വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന മാജിക്ക് ഹോം പദ്ധതിയിലെ ആദ്യവീടിന്റെ താക്കോല്‍ ദാനം ഫെബ്രുവരി 22ന് നടക്കും.

ഇരിയയില്‍ വൈകിട്ട് 3ന് നടക്കുന്ന ചടങ്ങില്‍ വീടിന്റെ താക്കോല്‍ ഗാനരചയിതാവും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗുണഭോക്താവിന് കൈമാറും. മൗക്കോട് സ്വദേശി അനു-വര്‍ഷ കുടുംബത്തിനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും. കാരുണ്യപ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ അട്ടേങ്ങാനമാണ്. ഇരിയയില്‍ സൗജന്യമായി നല്‍കിയ സ്ഥലം നല്‍കിയത്. എഞ്ചിനീയര്‍ ശിവപ്രസാദിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സൗജന്യമായാണ് നിര്‍വഹിച്ചത്. ഡി.എ.സി യുടെ സംരംഭമായ മാജിക് ഹോം ഭവന പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയില്‍ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് നിര്‍മ്മിച്ചു കൈമാറുന്നത്. ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികള്‍ക്ക് അനുസൃതമായാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ എല്ലാ ജില്ലയിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരികയാണ്. മാജിക് ഹോംസ് പദ്ധതിക്കു കീഴില്‍ നിര്‍മ്മിച്ച ഭിന്നശേഷി സൗഹൃദങ്ങളായ വീടുകള്‍ മാതൃകയാക്കി സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഇതുപോലെയുള്ള വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രചോദനമാകുമെന്ന് പദ്ധതിയുടെ സൂത്രധാരന്‍ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.

കാസര്‍കോട് ജില്ലയിലെ മൗക്കോട് സ്വദേശികളായ അനു-വര്‍ഷ ദമ്പതികളുടെ മൂത്തമകള്‍ 11 വയസ്സുള്ള ദേവപ്രഭ ബൗദ്ധിക പരിമിതയാണ്. കൂടാതെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ആക്‌സിഡന്റിനെ ത്തുടര്‍ന്ന് ദേവപ്രഭയുടെ അച്ഛന്‍ അനു പൂര്‍ണമായും തളര്‍ന്ന് കിടപ്പിലാണ്. അപസ്മാര ബാധിതന്‍ കൂടിയായ ഇദ്ദേഹം ബ്രെയിന്‍ അന്നൂറിസം എന്ന രോഗത്തിന് കൂടി ചികിത്സയിലാണ്. ഇവര്‍ക്ക് ദേവപ്രഭയെ കൂടാതെ 2 കുട്ടികള്‍ കൂടിയുണ്ട്. ഓട്ടോ ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമായിരുന്നു അനു. കുടുംബത്തിന്റെ അത്താണിയായിരുന്ന അനുവിന്റെ അപകടം കുടുംബത്തിന്റെ ദൈനംദിന ജീവിതക്രമത്തിന്റെ താളം തെറ്റിച്ചു. ഭര്‍ത്താവിന്റെ അസുഖവും മൂത്തകുട്ടിയുടെ അവസ്ഥയും കാരണം വര്‍ഷയ്ക്കും ജോലിക്കുപോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന ഈ കുടുബം വിവിധ ചാരിറ്റി സ്ഥാപനങ്ങളുടെ സഹായം കൊണ്ടുമാത്രമാണ് നിലനിന്നുപോരുന്നത്. സ്വന്തമായി ഭൂമിയോ വസ്തുവോ ഇല്ലാത്ത ഒന്നിലധികം ഭിന്നശേഷിയുള്ള കുടുംബത്തിനാണ് മാജിക് ഹോം ഭവന പദ്ധതി ആശ്വാസമായെത്തിയത്.

error: Content is protected !!