ചന്തേര : ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയാഹ്ലാദം. റോഡില്‍ വാഹന റാലി നടത്തിയതിന് പതിനഞ്ചോളം വാഹനങ്ങള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഈ മാസം 03 ന് വൈകിട്ട് 5 .15 മണി മുതല്‍ 6 മണി വരെ പടന്ന വടക്കേപ്പുറം മുതല്‍ ഓരിമുക്ക് വരെ പടന്ന സ്റ്റാര്‍ ഓഫ് പടന്ന എന്ന ക്ളബ്ബിന്റെ പ്രവര്‍ത്തകര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് വിജയാഘോഷത്തില്‍ വാഹനങ്ങള്‍ റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയതായും റോഡ് നിയമങ്ങള്‍ പാലിക്കാതെയും മറ്റ് വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കികൊണ്ടും ട്രോഫികളും കൊടികളുമായി കാറുകളുടെ മുകളിലും ബൈക്കുകളിലും കയറി ഇരുന്നു കൊണ്ട് മനുഷ്യ ജീവന് അപകടകരമായ രീതിയിലും വാഹനങ്ങള്‍ ഓടിക്കുകയും ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പ്രചരിക്കുന്നത് കണ്ട ചന്തേര പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഡബ്ല്യു ബി 26 S 2008 നമ്പര്‍ ബെന്‍സ് കാര്‍, ടി 01 25 കെ എല്‍ 2731 എ നമ്പര്‍ ഇന്നോവ കാര്‍, കെ 60 എല്‍ 0789 നമ്പര്‍ ഹോണ്ട ക്രെറ്റ കാര്‍, കെ എല്‍ 60 ഡബ്ലിയു 2000 താര് , കെ എല്‍ 60 ക്യൂ 4888ഐ 20 കാര്‍ ,കെ എല്‍ 60 എസ് 6916 കാര്‍, കെ എല്‍ 60 യു 9536 കാര്‍, കെ എല്‍ 60 എസ് 8328 മോട്ടോര്‍ സൈക്കിള്‍, കെ എല്‍ 60 പി 1796 മോട്ടോര്‍ സൈക്കിള്‍ തുടങ്ങി പതിനഞ്ചോളം വാഹനങ്ങളില്‍ ഉണ്ടായിരുന്ന സ്റ്റാര്‍ ഓഫ് പടന്ന ക്ലബ് പ്രവര്‍ത്തകരായ 20 ഓളം പ്രതികള്‍ക്കെതിരെയാണ് ചന്തേര എസ് ഐ കെ പി സതീഷ് കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആഘോഷങ്ങളുടെ പേരില്‍ തുറന്ന വാഹനങ്ങള്‍ നിയമനം ലംഘിച്ചു പോകുന്നത് കണ്ട് പൊതുജനങ്ങള്‍ വീഡിയോ പകര്‍ത്തി പോലീസിനെ അയച്ചു തന്നാല്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
