കരിവെള്ളൂര്‍ : പ്രമുഖ ചിത്രകാരനും എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കുഞ്ഞിമംഗലം ബാലന് മാസ്റ്ററുടെ ഓര്‍മ്മയില്‍ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ‘ഓര്‍മ്മകളുടെ വര്‍ണ മഴ ‘ എന്ന പേരില്‍ പുസ്തക ചര്‍ച്ചയും ചിത്ര സമര്‍പ്പണവും സംഘടിപ്പിച്ചു. ലോക ചിത്രകലയിലെ അതികായന്മാരെ കുറിച്ച് മലയാള ഭാഷയില്‍ ആദ്യമായി ‘വിശ്വകലാകാരന്മാര് ‘എന്ന പുസ്തകം രചിച്ചത് അദ്ദേഹമാണ്. കുഞ്ഞിമംഗലത്തു നിന്ന് പ്രസിദ്ധീകരിച്ച ‘ഏഴിമല ടൈംസി ‘ന്റെ പത്രാധിപരായിരുന്നു. കുഞ്ഞിമംഗലം ഗോപാല്‍ എ യു.പി സ്കൂള്‍, തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് എ യു.പി സ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്ന അദ്ദേഹം വരച്ച ചിത്രങ്ങള്‍ അടുത്ത കാലം വരെ സെന്റ് പോള്‍സ് എ.യു.പി. സ്കൂള്‍ ചുമരുകളെ ആകര്‍ഷകമാക്കിയിരുന്നു. കരിവെള്ളൂര്‍ വടക്കുമ്പാട് താമസിച്ചിരുന്ന അദ്ദേഹം വിപുലമായ ഗ്രന്ഥശേഖരത്തിനുട മയായിരുന്നു. 2005 ല്‍ എഴുപത്തിയെട്ടാമത്തെ വയസില്‍ ഓര്‍മ്മയായ മാഷിന്റെ റഫറന്‍സ് ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടെയുള്ള മലയാളം, ഇംഗ്ലീഷ് ഭാഷയിലുള്ള പുസ്തകങ്ങള്‍ ഭാര്യ യശോദാമ്മ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിന് മുന്‍ എം.പി. പി. കരുണാകരന്റെ സാന്നിധ്യത്തില്‍ സമര്‍പ്പിച്ചിരുന്നു.
കുഞ്ഞിമംഗലം ബാലന് മാഷിന്റെ മകള്‍ അജിത. എ.കെ.യുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ മാഷിന്റെ കൃതികളായ ‘വിശ്വകലാകാരന്മാര് ‘ ,’ഭാരത രത്നങ്ങള്‍’, ‘ദീപ ശിഖകള്‍ ‘എന്നീ പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്തു. രാവണീശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി അധ്യാപിക ഡോ. സോന ഭാസ്ക്കരന്‍ അവതരിപ്പിച്ചു. ചിത്രകാരനും റിട്ട. പ്രധാനാധ്യാപകനുമായ എ അനില്‍ കുമാര്‍ വരച്ച ബാലന് മാഷിന്റെ ചിത്രം കുടുംബാംഗങ്ങള്‍ക്ക് സമര്‍പ്പിച്ച ചടങ്ങ് വികാര നിര്‍ഭരമായി. സഹപ്രവര്‍ത്തകനായിരുന്ന എ.കെ. ശ്രീധരന് മാഷ് സ്നേഹ മൊഴി നടത്തി. കെ. നാരായണന്, ജനാര്‍ദ്ദന ദാസ് കുഞ്ഞിമംഗലം,ടി. മാധവന് മാഷ്, കെ.വി. ഗോവിന്ദന് മാഷ്, എ. അനില്‍കുമാര്‍, ഗീത സന്തോഷ്, ശശിധരന് ആലപ്പടമ്പന്‍ , കൊടക്കാട് നാരായണന് സംസാരിച്ചു.അജിത. എ.കെ. സ്വാഗതവും പി. ഗീത നന്ദിയും പറഞ്ഞു. പി. ഗോപിഅധ്യക്ഷനായി.
