കാസര്‍കോട്: ചെര്‍ക്കള ഐഡിയല്‍ കൂള്‍ ബാറില്‍ വെച്ച് സഹപാഠികളുമൊത്ത് ഐസ്‌ക്രീം കഴിക്കുകയായിരുന്ന അംഗടിമുഗര്‍ സ്വദേശിയായ പ്രിഥ്വിരാജിനെ സംഘം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി ജൂസ് ഗ്ലാസ്സ് കൊണ്ട് തലക്കും , കൈപ്പത്തിക്കും കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് വര്‍ഷവും ഒമ്പത് മാസവും തടവും 5000 രൂപ വീതം പിഴയും.
ചെര്‍ക്കള തോട്ടത്തില്‍ ഹൗസില്‍ അഹമ്മദ് മകന്‍ പി.എ ഹാരീസ് എന്ന മുള്ളു ഹാരീസ് (36) , ചെര്‍ക്കള ബാലനടുക്കം
അബ്ദുള്‍ റഹ്‌മാന്‍ മകന്‍ ഫൈസല്‍ എന്ന പൈച്ചു (35) എന്നിവരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് പ്രിയ കെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം കൂടി അധികതടവും അനുഭവിക്കണം. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടറും ,ഇപ്പോഴത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ് പിയുമായ ബാബു പെരിങ്ങേത്താണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ:പ്ലീഡര്‍ ചന്ദ്രമോഹന്‍ ജി ,അഡ്വ: ചിത്രകല എന്നിവര്‍ ഹാജരായി. 2016 നവംബര്‍ 21 ന് വൈകിട്ട് നാലു മണിക്കാണ് ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ കേസിനാസ്പദമായ സംഭവം നടന്നത്.
