കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നിധികലശ സ്ഥാപനവും ശിലാന്യാസവും കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ഥ നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം നടന്ന കോടി ഗായത്രിയാഗത്തിന്റെ പ്രധാന യജ്ഞകുണ്ഠം ഉണ്ടായിരുന്നിടത്താണ് ശിലാന്യാസം നടന്നത്. ഹാറാഡി യോഗീശ് ഭട്ട്, ഹൊസ്ദുര്‍ഗ് യോഗീശ് ഭട്ട്, എച്ച്.എസ്.ദിവാകര്‍ ആചാര്യ, ബി.വിഷ്ണു ആചാര്യ, എം.വെങ്കടേശ് ഭട്ട് എന്നിവര്‍ ശിലാന്യാസത്തിന് കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സംയമീന്ദ്രതീര്‍ഥ സ്വാമിജി അനുഗ്രഹപ്രഭാഷണം നടത്തി. 160 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് പൊളിച്ചുനീക്കി പുനര്‍നിര്‍മാണത്തിനൊരുങ്ങുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലും ചുറ്റമ്പലവും പൂര്‍ണമായും കരിങ്കല്ലിലാണ് നിര്‍മിക്കുന്നത്. മുന്‍ഭാഗത്ത് സ്ഥല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനപാതയില്‍ നിന്ന് 12 മീറ്റര്‍ കിഴക്കോട്ട് മാറിയാണ് പുതിയ ക്ഷേത്രം ഉയരുന്നത്. കൂടാത 20 മീറ്റര്‍ ഉയരമുള്ള രാജഗോപുരവും നിര്‍മിക്കും. അനുബന്ധമായി ഓഡിറ്റോറിയം, അഗ്രശാല, പാര്‍ക്കിങ്ങ് എന്നിവയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഒന്നരവര്‍ഷം കൊണ്ട് ക്ഷേത്ര പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികളായ എച്ച്.ഗോകുല്‍ദാസ് കാമത്ത്, എച്ച്.ഗുരുദത്ത് പൈ, എം.നാഗരാജ് നായക് എന്നിവര്‍അറിയിച്ചു.
ഹോസ്ദുര്‍ഗ് ലക്ഷ്മീവെങ്കടേശ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കം കുറിച്ചു; കാശി മഠാധിപതി സ്വാമി സംയമീന്ദ്ര തീര്‍ഥ നിധികലശ സ്ഥാപനവും ശിലാന്യാസവും നിര്‍വഹിച്ചു
