കാഞ്ഞങ്ങാട്:ഈ മാസം 16, 17,തീയതികളില്‍ കാടറിയാന്‍,മരുന്നറിയാന്‍ എന്ന സന്ദേശവുമായി കൊന്നക്കാട് വന വിദ്യാലയത്തില്‍ നിന്നും ആരംഭിക്കുന്ന സംസ്ഥാനതല വൈദ്യന്മാരുടെയും നിത്യാനന്ദ ആയുര്‍വ്വേദ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തുന്ന വന പഠന യാത്ര വിജയിപ്പിക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും ആയുര്‍വ്വേദ വൈദ്യന്മാര്ക്ക് മുന്‍പ് ഉണ്ടായിരുന്ന എല്‍ ത്രീ ലൈസന്‍സ് പുനസ്ഥാപിക്കണമെന്നും,ശുചീകരണത്തിന്റെ പേരില്‍ അന്യം നില്ക്കുന്ന ഔഷധ ചെടികളെ നശിപ്പിക്കുന്ന രീതി ഒഴിവാക്കണമെന്നും,കാഞ്ഞങ്ങാട് നടന്ന കേരള ആയുര്‍വ്വേദ പാരമ്പര്യ വൈദ്യ ഫെഡറേഷന്റെയും ,നിത്യാനന്ദ ആയുര്‍വേദ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.പാരമ്പര്യ നാട്ടറിവ് കൗണ്‍സില്‍ രൂപീകരിക്കാന്‍ ബഡ്ജറ്റില്‍ ഒരു കോടി രൂപ നീക്കിവെച്ച സംസ്ഥാന സര്‍ക്കാരിനെ യോഗം അഭിനന്ദിച്ചു.
നിത്യാനന്ദ ആശ്രമം ഹാളില്‍ നടന്ന യോഗം ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ ജയദേവന് വൈദ്യര് ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കെ വി കൃഷ്ണപ്രസാദ് വൈദ്യര് അധ്യക്ഷനായി. കേരള ആയുര്‍വ്വേദ പാരമ്പര്യവൈദ്യ ഫെഡറേഷന് സംസ്ഥാന സെക്രട്ടറി പി കെ ചന്ദ്രന് വൈദ്യര്, നിത്യാനന്ദ ആയുര്‍വ്വേദ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി കെ സുനീഷ് വൈദ്യര് എന്നിവര്‍ മുഖ്യാതിഥികളായി. വി തമ്പാന് വൈദ്യര്,കുമാരന് വൈദ്യര് മടിക്കൈ, സക്കറിയാസ് കോളിച്ചാല്‍, കെ മുഹമ്മദ് അലി , എം വല്സന്വൈദ്യര് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് ഭാരതീയ വിദ്യാ ഭവന് കാസര്‍ഗോഡ് ജില്ലാ കലോത്സവത്തില്‍ ‘ തെരഞ്ഞെടുക്കപ്പെട്ട ചീമേനിയിലെ ജനാര്ദ്ദനന് വൈദ്യരുടെ മകന് സൂര്യഗോവിന്ദനെ അനുമോദിച്ചു. ആയുര്‍വേദ സംരക്ഷണ സമിതി കാസര്‍കോട് ജില്ല സെക്രട്ടറി എസ് ചന്ദ്രമതിസ്വാഗതംപറഞ്ഞു.
