ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു

കാഞ്ഞങ്ങാട്: തൊഴില്‍ മേഖലയിലെ അതിഭീകരമായ അവസ്ഥ കൊണ്ട് വ്യാവസായിക, അസംഘടിത പരമ്പരാഗ തൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണ്. എല്ലാ മേഖലയിലും യന്ത്രവല്‍ക്കരണം നടത്തുമ്പോള്‍ ആനുപാതികമായ തൊഴില്‍ ദിനങ്ങള്‍ നല്‍കണമെന്ന നിയമം ഭരണാധികാരികള്‍ കാണാതെ പോവുകയാണ്. ഇതിലൂടെ കുത്തക മുതലാളിമാര്‍ കോടീശ്വരന്മാരാവുകയും തൊഴിലാളിവര്‍ഗ്ഗം നരകയാതന അനുഭവിക്കുകയു മാണ്. തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി എന്ന് അഹങ്കരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കൊള്ളരുതായ്മ മൂലം തൊഴിലിടം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും അസംഘടിത തൊഴിലാളികള്‍ ജീവിക്കാന്‍ പാടുപെടുകയുമാണ്. തൊഴില്‍ മേഖലയില്‍ ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തൊഴിലാളികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സമസ്ത മേഖലകളിലെയും തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനും അവ ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും ഐ.എന്‍.ടി.യു.സി അജാനൂര്‍ മണ്ഡലം പ്രവര്‍ത്തനം ശക്തമാ ക്കുന്നതിനും വേണ്ടിയാണ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ചേര്‍ന്നത്.

കാഞ്ഞങ്ങാട് ശ്രമിക് ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി. വി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി നിയോജകമണ്ഡലം പ്രസിഡണ്ട് പി. വി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഐ. എന്‍. ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി കെ. എം. ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വെന്‍ഷനില്‍ വച്ച് ചിത്താരി പോസ്റ്റല്‍ ബ്രാഞ്ചില്‍ നിന്നും 40 വര്‍ഷത്തെ സേവനം അനുഷ്ഠിച്ച പോസ്റ്റ്മാന്‍ കെ. കൃഷ്ണനെ ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് പി.വി. സുരേഷ് ആദരിച്ചു. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി. ബാലകൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ചന്ദ്രന്‍ കൊളവയല്‍, മോഹനന്‍ തണ്ണോട്ട്, വിമല കുഞ്ഞി കൃഷ്ണന്‍, ഉഷ കല്ലിങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ഐ. എന്‍. ടി.യു.സി മണ്ഡലം പ്രസിഡണ്ട് പി. വി.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. കണ്‍വെന്‍ഷനില്‍ വച്ച് അജാനൂര്‍ മണ്ഡലം പ്രസിഡണ്ടായി പി. വി ബാലകൃഷ്ണനെയും ജനറല്‍ സെക്രട്ടറിയായി കുഞ്ഞമ്പു വാഴവളപ്പിനെയും ഖജാന്‍ജിയായി ഗോപാലന്‍ രാവണേശ്വരത്തെയും തെരഞ്ഞെടുത്തു.

 

error: Content is protected !!