കാഞ്ഞങ്ങാട്: കോവളം- ബേക്കല്‍ ജലപാത എന്ന പേര് മാറ്റി നീലേശ്വരം ചിത്താരി കൃത്രിമ ജലപാത എന്നാക്കി നടക്കുന്ന പദ്ധതി ക്കെതിരെ ശക്തമായ പ്രതിഷേധമുണ്ടാകു മെന്ന് ജനകീയ മുന്നണി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
ബഫര്‍സോണ്‍ ഉള്‍പ്പെടെ പദ്ധതി പ്രദേശത്തുള്ള 800ല്‍ കൂടുതല്‍ പാര്‍പ്പിടങ്ങള്‍ അരയി വയല്‍, കാരാട്ട് വയല്‍ (കാഞ്ഞങ്ങാടിന്റെ നെല്ലറ), നെല്ലിക്കാട്ട് വയല്‍ (ഗുരുദത്ത് പൈ രണ്ടോളം നെല്‍ വിളകള്‍, മില്ലറ്റ്, ചെറുപയര്‍, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്ന വയല്‍), കാഞ്ഞിരവയല്‍, വെള്ളിക്കോത്ത് വയല്‍, വെള്ളൂര്‍ വയല്‍, മഡിയന്‍ വയല്‍ തുടങ്ങി ചിത്താരി പുഴ വരെയുള്ള വയലുകള്‍ 15000 ഓളം തെങ്ങുകള്‍, 20,000 കവുങ്ങുകള്‍, മറ്റ് ഫലവൃക്ഷങ്ങള്‍ തുടങ്ങിയവ ഇല്ലാതാക്കിയാണ് കൃത്രിമ ജലപാത പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ കാര്‍ഷിക വൃത്തിയും ചെറുകച്ചവടവും, ചെറുകിട വ്യവസായങ്ങളും പദ്ധതി പ്രദേശത്തുണ്ട്. 8000 പേരെ കുടിയൊഴിപ്പിക്കുകയും ചെയ്യും. മാത്രമല്ല സ്വകാര്യ പങ്കാളിത്തമുള്ള (ജജജ) ഒരു കമ്പനിയുടെ ഉടമസ്ഥതയിലാണ് കൃത്രിമ ജലപാത നിര്‍മ്മിക്കുന്നത്. നമ്മുടെ ജലാശയങ്ങളെ സ്വകാര്യ വത്കരിക്കുകയും സാധാരണക്കാരുടെ കുടിവെള്ളം മുട്ടിക്കുകയും ഉപ്പുവെള്ളം കാര്‍ഷിക സ്ഥലങ്ങളില്‍ കയറുകയും ചെയ്യുന്ന ജനദ്രോഹ പദ്ധതിയാണ് ഇത്. ഇത് സര്‍ക്കാരിന്റെ സ്വകാര്യവത്കര ണത്തിന്റെ ഭാഗമാണ്.ഇതി നെക്കുറിച്ച് ഇതുവരെ വിശദ പദ്ധതി രേഖ, പാരിസ്ഥിതിക ആഘാത പഠനം, സാമൂഹികാഘാത പഠനം, ജൈവവൈവിധ്യ ആഘാത പഠനം എന്നിവ നടപ്പിലാക്കിയിട്ടില്ല. എന്തിനേറെ സാമ്പത്തിക സാങ്കേതിക പഠനം തുടങ്ങിയവ വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ മറുപടി തന്നിട്ടുപോലുമില്ല.
1990 കളില്‍ കേന്ദ്ര ഗവണ്മെന്റ് പരിസ്ഥിതി ലോല പ്രദേശമെന്ന് വിശേഷിപ്പിച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ കേന്ദ്ര ഗവണ്മെന്റ് തള്ളിക്കളഞ്ഞ പദ്ധതിയാണ് കൃത്രിമ ജലപാത പദ്ധതി. മലബാര്‍ നദീതട വികസനം എന്ന പേരില്‍ തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കാര്യമായ ഒരു പ്രവര്‍ത്തിയും നടന്നിട്ടുമില്ല. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ ബേക്കല്‍ കണ്ണൂര്‍ മാഹി വഴികളിലൂടെ യാത്രാ ബോട്ടുകള്‍, കണ്ടയ്നര്‍ തുടങ്ങിയവയ്ക്ക് ദേശീയ ജലപാത വഴി കടന്നുപോകുവാനാകുകയുള്ളൂ. അതിനാല്‍ കാസര്‍കോട് ജില്ലയില്‍ നീലേശ്വരം ചിത്താരി ജലപാത പണി നടപ്പാക്കുന്നത് ദുരൂഹമല്ലേ യെന്നും ഭാരവാഹികള്‍ കൂട്ടി ചേര്‍ത്തു. ജില്ല മുഴുവന്‍ ജനങ്ങള്‍ക്കിടയില്‍ കൃത്രിമ ജലപാത പദ്ധതി സംബന്ധിച്ച ബോധവത്കരണം നടത്താന്‍ ജനകീയ മുന്നണി ഉദ്ദേശിക്കുന്നു. ഇതിനായി പദ്ധതി പ്രദേശത്തും പുറത്തും ഗൃഹസദസ്സുകളും ചര്‍ച്ചകളും കോര്‍ണര്‍ യോഗങ്ങളും സംഘടിപ്പിക്കും. പദ്ധതി പ്രദേശത്ത് കാല്‍നട പ്രചാരണ ജാഥയും കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പത്ര സമ്മേളനത്തില്‍ രക്ഷാധികാരിമാരായ ശില്പി കാനായി കുഞ്ഞിരാമന്, മധുസുധനന് നായര്‍,കമാന്റര്‍ ദാമോദരന്‍, ചെയര്മാന് ടി കെ പി നായര്‍, ജോ.സെക്രട്ടറി എച്ച്.കെ പ്രശാന്ത്, എക്സി.മെബര്‍ കെ ഹരികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
—
