കൊച്ചി: ഷാരോണ്‍ വധക്കേസില്‍ പ്രതിയായ ഗ്രീഷ്മയ്ക്ക് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷ റാദ്ദാക്കണമെന്ന ആവശ്യവുമായി ഗ്രീഷ്മ ഹൈക്കോടതിയില്‍. വധശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണയ്ക്ക് ശേഷം അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വധശിക്ഷ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്മ. ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഗ്രീഷ്മയ്ക്ക് ജാമ്യമോ പരോളോ ലഭിക്കില്ല. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കൊപ്പം 11-ാം നമ്പര്‍ സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിട്ടുള്ളത്. നാലുപേരാണ് ഈ സെല്ലിലുള്ളത്. മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റയ്ക്കുള്ള സെല്ലുകളിലാണ് പാര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സുപ്രീംകോടതി വരെ അപ്പീല്‍ പോയി വിധി ഇളവു ചെയ്യാനുള്ള സാധ്യതകളുള്ളതിനാല്‍ സാധാരണ സെല്ലുകളില്‍ തന്നെയാണ് വധശിക്ഷയ്ക്കു വിധിച്ചവരെയും താമസിപ്പിക്കുന്നത്. രാഷ്ട്രപതിയുടെ ദയാഹര്‍ജിയും തള്ളിയ ശേഷമേ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ ഒറ്റപ്പെട്ട സെല്ലുകളിലേക്കു മാറ്റുകയുള്ളൂ.
സാധാരണ തടവുകാര്‍ക്കു ലഭിക്കുന്ന പരിഗണനകള്‍ ജയിലിനുള്ളില്‍ ലഭിക്കുമെങ്കിലും ഇവര്‍ക്കു മറ്റു പ്രതികളേക്കാള്‍ കൂടുതല്‍ നിരീക്ഷണം ഉണ്ടാകും. ആണ്‍സുഹൃത്തായ ഷാരോണ്‍ രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍
14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി.ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ് ഹെല്‍ത്തില്‍ ഹെല്‍ത്തില്‍ ബി.എസ്.സി. റേഡിയോളജി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
