നീലേശ്വരം : ഹൊസ്ദുര്‍ഗ് തഹസീദാര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഒറ്റകെട്ടായി നീലേശ്വരം താലൂക്ക് യാതാര്ഥ്യമാക്കണമെന്നാവശ്യം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതോടെ താലൂക്കിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യം ശക്തമായി. കളക്ടറുടെ നിര്‍ദേശപ്രകാരം തഹസീദാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 14 നേതാക്കന്മാരാണ് പങ്കെടുത്തത്.
താലൂക്ക് രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ടികളുടെ അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് നീലേശ്വരം ആസ്ഥാനമായി താലൂക്ക് വേണമെന്ന ആവശ്യം. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനുമേല്‍ സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടത് നീലേശ്വരത്തിന്റെ വികസനത്തിന് വേഗം കൂട്ടും. ഇക്കാര്യത്തില്‍ റവന്യൂ അധികൃതര്‍ വേഗത്തില്‍ നടപടിക്രമം പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കിയാല്‍ അടുത്ത ദിവസം അവതരിപ്പിക്കുന്ന ബജറ്റിലോ ബജറ്റ് പ്രസംഗത്തിലോ താലൂക്ക് ഇടം നേടും. എതിര് അഭിപ്രായമില്ലാതെ എല്ലാ പാര്‍ട്ടികളും ഒറ്റകെട്ടായി ഉന്നയിച്ച ആവശ്യമായത്കൊണ്ട് സര്‍ക്കാറിന് നീലേശ്വരം താലൂക്ക് ആവശ്യം കൂടുതല്‍ നീട്ടി കൊണ്ട് പോകാന്‍ കഴിയില്ല. താലൂക്ക് ഓഫീസ് ഒരുക്കുന്നതിനായി എല്ലാ ഭൗതീക സാഹചര്യവും ഒരുക്കാന്‍ നഗരസഭ തയ്യാറാണെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ടി വി ശാന്ത യോഗത്തെ അറിയിച്ചിരുന്നു.
താലൂക്ക് ഓഫീസ് തുറക്കുന്നതിനായി പഴയ മുന്‍സിപ്പല്‍ ഓഫീസ്, കൃഷിഭവന് കെട്ടിടങ്ങള്‍ എന്നിവക്ക് പുറമെ പുതിയ നഗരസഭ ഓഫീസിന്റെ മുകള്‍ നിലയും ഉപയോഗിക്കാവുന്നതാണ്. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ എം എസ്സിന്റെ മണ്ഡലമാണ് നീലേശ്വരം. ആദ്യ മന്ത്രിസഭയുടെ കാലത്തുതന്നെ താലൂക്ക് രൂപീകരണത്തെക്കുറിച്ച് പഠിക്കാന്‍ കമീഷനെ നിയമിച്ചിരുന്നു. ജില്ലാ രൂപീകരണവേളയിലും താലൂക്ക് ആവശ്യം ഉയരുകയും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും നടപ്പായില്ല. ജില്ല രൂപീകരിച്ചപ്പോള്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് താലൂക്കുകള്‍ മാത്രമായിരുന്നു. പിന്നീടാണ് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും താലൂക്ക് നിലവില്‍വന്നത്.നീലേശ്വരം ആസ്ഥാനമായി താലൂക്ക് അനുവദിക്കണമെന്ന് നിര്‍ദേശിച്ച് നാല് കമീഷനുകള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ താലൂക്ക് രൂപീകരിക്കുന്നതിനെക്കുറിച്ച് അഭിപ്രായം തേടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് ജനങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിട്ടുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കില്‍ ഉള്‍പ്പെട്ട നീലേശ്വരം നഗരസഭ, ചെറുവത്തുര്‍, കയ്യൂര്‍ ചീമേനി, കിനാനൂര്‍ – കരിന്തളം , പടന്ന, തൃക്കരിപ്പൂര്‍, വലിയപറമ്പ്, പിലിക്കോട് പഞ്ചായത്തുകളുമാണ് പുതിയ താലൂക്കില്‍ ഉള്‍പ്പെടുക. മടിക്കൈ പഞ്ചായത്തിനെ കൂടി നീലേശ്വരം താലൂക്കില്‍ ഉള്പെടുത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്.
