പുസ്തകവണ്ടിയുടെ ‘ബുക്ക് കഫെ’ ഉദ്ഘാടനവും, വിനു വേലാശ്വരത്തിന്റെ ‘വെയില്‍ രൂപങ്ങള്‍’ പുസ്തക പ്രകാശനവും നടന്നു; എഴുത്തുകാരി പി.കെ ഭാഗ്യലക്ഷ്മി ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു

കാഞ്ഞങ്ങാട് : രാജ്യത്തെവിടെയായാലും, ആവശ്യപ്പെടുന്ന ഏത് പുസ്തകവും ലഭ്യതക്കനുസരിച്ച്, പരമാവധി വേഗത്തില്‍ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്ന സംരംഭമാണ് പുസ്തകവണ്ടി. വായനയെ ജനകീയമാക്കുക എന്ന സദുദ്ദേശത്തോടെ നബിന്‍ ഒടയഞ്ചാല്‍, ജയേഷ് കൊടക്കല്‍ എന്നീ യുവാക്കളാണ് പുസ്തകവണ്ടിയുമായി വായനക്കാരിലേക്കെത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിലേറെയായി പുസ്തകവില്‍പ്പന രംഗത്ത് സജീവമായ പുസ്തകവണ്ടിയുടെ ബുക്ക് കഫെ ഉദ്ഘാടനം കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ വെച്ച് നടന്നു. എഴുത്തുകാരായ അംബികാസുതന്‍ മാങ്ങാടും രാജ്‌മോഹന്‍ നീലേശ്വരവും ചേര്‍ന്ന് ബുക്ക് കഫെ വായനക്കാര്‍ക്കായി തുറന്ന് കൊടുത്തു.

പുസ്തകവണ്ടി പബ്ലിക്കേഷന്‍സിലൂടെ പ്രസിദ്ധീകരിച്ച വിനു വേലാശ്വരത്തിന്റെ ‘വെയില്‍രൂപങ്ങള്‍’ എന്ന ആദ്യ കവിതാ സമാഹാരവും ചടങ്ങില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരി പി.കെ ഭാഗ്യലക്ഷ്മി ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന് പുസ്തകം കൈമാറി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. സി.പി ശുഭ അധ്യക്ഷത വഹിച്ചു. ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ നേടിയ യുവ കഥാകൃത്ത് മൃദുല്‍ വി.എം. വാര്‍ത്താവായനയിലൂടെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയ എം.ജി.വേദിക, നിരവധി പുരസ്‌കാരങ്ങള്‍ നേടിയ വളര്‍ന്നു വരുന്ന എഴുത്തുകാരി ശിവദ കൂക്കള്‍ എന്നിവരെ ആദരിച്ചു. വിനു വേലാശ്വരം മറുമൊഴി നടത്തി. പുസ്തകവണ്ടി പ്രതിനിധി നബിന്‍ ഒടയഞ്ചാല്‍ ആമുഖ ഭാഷണവും ചന്ദ്രു വെള്ളരിക്കുണ്ട് നന്ദി പറഞ്ഞു.

 

error: Content is protected !!