ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം

മീങ്ങോത്ത് : അഞ്ചു ദിവസങ്ങളായി മീങ്ങോത്ത് പാം ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നുവരുന്ന സാജൻ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം.

പരാജയമറിയാതെ എല്ലാ മത്സരങ്ങളിലും വിജയിച്ച രണ്ടു ടീമുകളായ ഇ എം എസ്സ് മീങ്ങോത്തും പി പി ബ്രദേഴ്‌സ് അമ്പലത്തറയുമാണ് ഫൈനൽ പോരാട്ടത്തിനായി ഇന്ന് കളത്തിലിറങ്ങുന്നത്.

സെമി ഫൈനലിൽ ഇന്നലെ ആദ്യ മത്സരത്തിൽ വോളിബോളിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന കാനായിയിലെ ജോളി കാനായിയെ മറുപടിയില്ലാത്ത മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ഈ എം എസ് മീങ്ങോത്ത് ഫൈനലിൽ പ്രവേശിച്ചു.

പഴുതുകളെല്ലാം അടച്ച് അതിർത്തിയിൽ കാവലിരിക്കുന്ന പ്രിയപ്പെട്ട പട്ടാളക്കാർ അതേ ജാഗ്രത കളിക്കളത്തിൽ പ്രയോഗിച്ചപ്പോൾ ഈ എം എസ്സിന് ഫൈനൽ പ്രവേശനം എളുപ്പമായി.

സാമ്പ്രാസ് കളിയിലെ മികച്ച താരമായി. ഒന്നാം സെമിയിലെ റണ്ണറപ്പ് ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദൻ ജോളി കാനായിക്ക് നൽകി.

രണ്ടാം സെമി പോരാട്ടത്തിൽ കെ എസ് ഇ ബി താരങ്ങളുമായി എത്തിയ ബ്രദേർസ് എതിർക്കയയെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി ശക്തരായ പി പി ബ്രദേഴ്സ് അമ്പലത്തറ ഫൈനലിൽ പ്രവേശിച്ചു. കാസർഗോഡിന്റെ വോളിബോൾ കോർട്ടുകളിൽ വിജയജൈത്രയാത്ര തുടർക്കഥയാക്കി മാറ്റിയ പി പി ബ്രദേഴ്സിന് മീങ്ങോത്തും പിഴവുകളൊന്നും സംഭവിച്ചില്ല. എതിരാളികൾക്ക് നേരിയ അവസരം പോലും നൽകാതെ വ്യക്തമായ ആധിപത്യം നേടിയാണ് അവർ ഫൈനലിൽ എത്തിയിരിക്കുന്നത്.

കരുത്തരിൽ കരുത്തരായ രണ്ടു ടീമുകളാണ് ഫൈനലിൽ നേർക്കുനേർ എത്തുമുട്ടാൻ പോകുന്നത്. മീങ്ങോത്ത് എന്ന സുന്ദര ഗ്രാമത്തിലെ പാം ലൈബ്രറിയുടെ ചുവന്ന മൈതാനത്തിൽ ഇന്ന് തീപ്പൊരി പാറും. മത്സരം ഏഴു മണിക്ക് ആരംഭിക്കും.

error: Content is protected !!