ന്യൂഡല്‍ഹി: മൂന്നാം മോദിസര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനവുമായി ധനമന്ത്രി. ആദായനികുതിയുടെ പരിധി ഉയര്‍ത്തി വമ്പന്‍ ഇളവാണ് പ്രഖ്യാപിച്ചത്. 12 ലക്ഷം വരെ വാര്‍ഷികവരുമാനം ഉള്ളവര്‍ക്ക് ഇനി ആദായനികുതി നല്‍കേണ്ടതില്ല.
12 ലക്ഷം വരെ വാര്‍ഷികവരുമാനം ഉള്ളവര്‍ക്ക് 80,000 രൂപ വരെയും 18 ലക്ഷമുള്ളവര്‍ക്ക് 70,000 രൂപ വരെയും 25 ലക്ഷമുള്ളവര്‍ക്ക് 1.1 ലക്ഷം വരെയും ലാഭിക്കാനാകും. സമീപകാലത്തെ ഏറ്റവും വലിയ നികുതിയിളവാണ് ഇത്. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ലെന്നും ബജറ്റില്‍ പ്രഖ്യാപനത്തില്‍ പറയുന്നു. പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും.
നടപടികള്‍ ലഘൂകരിക്കുമെന്നും നേരത്തേ തന്നെ ബജറ്റില്‍ ധനമന്ത്രി പറഞ്ഞിരുന്നു. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇന്‍കം ടാക്സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. മുതിര്‍ന്ന പൗരമാരുടെ ടിഡിഎസ് പരിധിയും ഉയര്‍ത്തിയിട്ടുണ്ട്.
അത് ഒരു ലക്ഷമാക്കി. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച അവതരിപ്പിക്കും. വാടക ഇനത്തില്‍ ടിഡിഎസിനുള്ള വാര്‍ഷിക പരിധി 2.4 ലക്ഷത്തില്‍ നിന്നും ആറുലക്ഷമാക്കി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. 2025 ലെ ധനക്കമ്മി 4.8 ശതമാനമായി പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.
