അമ്പലത്തറ : മീങ്ങോത്ത് പാം സാജന് മെമ്മോറിയല്‍ വോളിബോള്‍ മാമാങ്കത്തിന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്ന്.
രണ്ടു മത്സരങ്ങള്‍ വീതം വിജയിച്ച് ഇ എം എസ്സ് മീങ്ങോത്തും പി പി ബ്രദേഴ്സ് അമ്പലത്തറയും ഗ്രൂപ്പ് ജേതാക്കളായി മുമ്പുതന്നെ സെമിയില്‍ പ്രവേശിച്ചപ്പോള്‍, ഇന്നലെ നടന്ന അത്യന്തം വാശിയേറിയ രണ്ടു മത്സരങ്ങളില്‍ വിജയിച്ച് ജോളി കാനായിയും ബ്രദേഴ്സ് എതിര്ക്കയയും സെമിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ ഒരു മത്സരത്തില്‍ ശക്തരായ വി ഐ പി – യു എ യി ക്കെതിരെ ആദ്യ രണ്ടു സെറ്റുകള്‍ നഷ്ടപ്പെട്ടിട്ടും അടുത്ത മൂന്ന് സെറ്റുകളും പിടിച്ചെടുത്തുകൊണ്ട് ജോളിയുടെ യൂണിവേഴ്സിറ്റി ചുണക്കുട്ടികള്‍ സെമിയിലേക്ക് തിരിച്ചു വരവ് നടത്തിയപ്പോള്‍ ഗാലറിയില്‍ കാനായിക്കായി ആരവം ഉയര്‍ന്നു. ഒരു വശത്ത് വി ഐ പി ക്ക് വേണ്ടി ഇറങ്ങിയ വെസ്റ്റേണ്‍ ആര്‍മി പഞ്ചാബ് താരമായ ശിവം കളത്തില്‍ ഒറ്റയ്ക്ക് താണ്ഡവമാടിയപ്പോള്‍ മറുവശത്ത് ജോളിയ്ക്ക് വേണ്ടി കടല്‍ ഭിത്തി തീര്‍ത്ത ക്യാപ്റ്റന്‍ നിധിന് കളിയിലെ മികച്ച താരമായി.
ഇന്നലത്തെ രണ്ടാം മത്സരത്തില്‍ കെ എസ് ഇ ബി താരങ്ങളുമായി എത്തിയ ബ്രദേര്‍സ് എതിര്‍ക്കയ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് റിയല്‍ ഏജന്‍സീസ് പാറപ്പള്ളിയെ മറികടന്നു. ഇരു ടീമുകളും വാശിയോടെ ഒപ്പത്തിനൊപ്പം മുന്നേറിയപ്പോള്‍ സ്ക്കോര്‍ ഇരുപത്തഞ്ചില്‍ നിന്നും മുപ്പത്തിലേക്ക് കടന്നു. ആര് ജയിക്കുമെന്ന് പ്രവചിക്കാനാവാതെ അവസാനം വരെ തുല്യത പിടിച്ചു മുന്നേറിയപ്പോള്‍ വലിയ ഗ്രൗണ്ട് സപ്പോര്‍ട്ടിന്റെ പിന്‍ബലത്തില്‍ ഒടുവില്‍ എതിര്‍ക്കയ വിജയം തട്ടിയെടുത്തു.
ഇന്ന് വൈകുന്നേരം കൃത്യം ഏഴു മണിക്ക് ഇന്ത്യന്‍ ആര്‍മി താരങ്ങളുമായി ഈ എം എസ് മീങ്ങോത്ത് യൂണിവേഴ്സിറ്റി താരനിരയായ ജോളി കാനായിയേയും രണ്ടാം സെമിയില്‍ ശക്തരായ പി പി ബ്രദേഴ്സ് അമ്പലത്തറ ബ്രദേഴ്സ് എതിര്ക്കയയേയുംനേരിടും
