കാഞ്ഞങ്ങാട്: കാഴ്ച്ചക്കാരെ കഥകളിയുടെ ചിട്ടവട്ടങ്ങളിലേക്ക് കൈ പിടിച്ചുയര്‍ത്തി പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ കഥകളി സോദാഹരണ ശില്പശാലയൊരുക്കി. കേട്ടുകേള്‍വി മാത്രമുണ്ടായിരുന്ന കഥകളിയെന്ന വിശ്വകലയുടെ ഉള്ളറകളിലേക്ക് കാഴ്ച്ചക്കാരെ എത്തിച്ച് ലളിത സുന്ദരമായി കഥകളി സോദാഹരണ ശില്പശാല അരങ്ങേറി. നവരസങ്ങള്‍ മുഖത്ത് തെളിഞ്ഞു മറയുമ്പോള്‍ കാഴ്ച്ചക്കാര്‍ക്ക് അതൊരു നവ്യാനുഭവമായി. കണ്‍വഴക്കം, ഭാവാഭിനയം, ശാരീരിക ചലനങ്ങള്‍, ചുവടുകള്‍, വേഷങ്ങള്‍, ചമയങ്ങള്‍, പാട്ട്, താളവാദ്യം തുടങ്ങി എല്ലാവശങ്ങളും ശില്പശാലയില്‍ പരിചയപ്പെടുത്തി. പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് സ്‌കൂളില്‍ കഥകളി സോദാഹരണ പരിപാടി നടത്തിയത്. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം, കേരള കലാമണ്ഡലം കഥകളി വേഷത്തിനുള്ള സംസ്ഥാന പുരസ്‌കാരം എന്നിവ നേടിയ പ്രമുഖ കഥകളി ആശാനും പുല്ലൂര്‍ ഗവണ്‍മെന്റ് യു.പി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നാട്യകേസരി കേശവ കുണ്ട്‌ലായര്‍ ശില്പശാലയില്‍ സോദാഹരണ ക്ലാസ്സ് നയിച്ചു. ശാകംബരി കേശവന്‍ വായ്പ്പാട്ട് അവതരിപ്പിച്ചു. ബേക്കല്‍ സബ്ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളും സോദാഹരണക്ലാസില്‍ പങ്കെടുത്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.വി. കരിയന്‍ അധ്യക്ഷനായി. കലാമണ്ഡലത്തിന്റെ വേഷത്തിനുള്ള കഥകളി പുരസ്‌ക്കാരം ലഭിച്ച കോട്ടക്കല്‍ കേശവ കുണ്ട്‌ലായരെ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സീത, എം.വി. നാരായണന്‍, കവി ദിവാകരന്‍ വിഷ്ണുമംഗലം, ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍, പ്രഥമാധ്യാപകന്‍ പി.ജനാര്‍ദ്ദനന്‍, പി.ടി.എ. പ്രസിഡന്റ് പി. ബാലകൃഷ്ണന്‍ എന്നിവര്‍സംസാരിച്ചു.
കഥകളിയുടെ ഉള്ളറകളിലേക്ക് വാതില്‍ തുറന്ന് കഥകളി സോദാഹരണ ശില്പശാല
