ഉദുമ: പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കട്ടെ എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ട കേസില്‍ രണ്ടു പേരെ കൂടി ചേര്‍ത്തു. പള്ളിക്കര പൂച്ചക്കാട്ടെ ഉവൈസ് , ഷമ്മാസ് എന്നിവരെ കുടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി ഡിവൈ.എസ്.പി. കെ.ജെ.ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘം ശനിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിക്ക് റിപ്പോര്‍ട്ടു നല്കി. ഈ രണ്ട് പേരും ഇപ്പോള്‍ വിദേശത്താണുള്ളത്. ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികളുടെ ഭാഗമായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. കൃത്യം നടപ്പാക്കിയ സംഘത്തിലുള്ളവരുടെ 1.42 ലക്ഷം വാട്സാപ്പ്, ടെക്സ്റ്റ് മെസേജുകള്‍
സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്.
കസ്റ്റഡിയില്‍ കിട്ടിയവരെ ചോദ്യം ചെയ്തതിന്റേയും ഡിജിറ്റല്‍ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ഈ രണ്ട് പേരെ കൂടി പ്രതി ചേര്‍ക്കാന്‍ കോടതിയെ സമീപിച്ചതെന്ന് പോലീസ് പറഞ്ഞു. നേരത്തെ അറസ്റ്റിലായ പൂച്ചക്കാട് ശമ്മാസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (34), മുക്കൂട് ജിലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയ പള്ളിക്കടുത്തെ പി.എം.അസ്നിഫ (36) മധൂര്‍ കൊല്യയിലെ ആയിഷ (43) എന്നിവരെ വീണ്ടും ഹൊസ്ദുര്‍ഗ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ ഇവരെ മൂന്ന് തവണയായി 13 ദിവസം ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവരെ സബ് ജയിലിലേക്ക് അയച്ചത്.
