കാഞ്ഞങ്ങാട്:ജില്ലയുടെ സമഗ്ര വികസനത്തിന്റെ നാഴിക കല്ലായി മാറുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍- കാണിയൂര്‍-റെയില്‍ പാത പദ്ധതി ചിലവിന്റെ പകുതി വിഹിതം വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുള്‍ റഹിമാന്‍.ഇപ്രകാരം റെയില്‍പ്പാത കടന്നുപോകുന്ന കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും പദ്ധതിയുടെ പകുതി വിഹിതം നേടിയെടുക്കാന്‍ കര്‍മ്മ സമിതിയുടെയും ജനപ്രതിനിധികളുടെയും വിവിധ കക്ഷി നേതാക്കളുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയാഥാര്‍ത്ഥ്യമാക്കാനുള്ള ജനകീയ കൂട്ടായ്മ വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി പറഞ്ഞു.
സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാവുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത പദ്ധതിയാണ് കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാത.പദ്ധതിയുടെ പകുതി ഭാഗം കര്‍ണ്ണടകയിലൂടെ കടന്നു പോകുന്നതിനാല്‍ പദ്ധതിക്ക് കര്‍ണ്ണാടക സര്‍ക്കാറിന്റെ അനുമതി എത്രയും വേഗം ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി കേരളം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തില്‍ പുതിയ റെയില്‍പ്പാത പദ്ധതികള്‍ നടപ്പിലാക്കുന്നതിനോട് കേന്ദ്രം വിമൂഖത കാട്ടുകയാണ്, സംസ്ഥാത്ത് ട്രയിന്‍ യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ റെയില്‍ വികസനത്തോട് മുഖം തിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും കാണിയൂര്‍ പാതയ്ക്ക് അനുകൂലമായ തീരുമാനമുണ്ടായാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി തല ചര്‍ച്ചയ്ക്ക് കേരളം തയ്യാറാണ്. പൊതു വികസനത്തില്‍ കക്ഷി രാഷ്ടീയത്തിനതീതമായി എല്ലാവരും ഒന്നിക്കണമെന്ന് മന്ത്രി അബ്ദുള്‍ റഹിമാന്‍ അഭ്യര്‍ത്ഥിച്ചു. സമിതി ചെയര്‍മാന്‍ അഡ്വ:പി.അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ സി.കെ.ആസീഫ് സ്വാഗതം പറഞ്ഞു.കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ്,കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം,വിവിധ കക്ഷി നേതാക്കളായ അഡ്വ:എം.സി.ജോസ്, സി.പി.ബാബു, എം.പി.ജാഫര്‍, വി.കമ്മാരന്‍,അജയകുമാര്‍ നെല്ലിക്കാട്ട്, വ്യാപാരി സമിതി പ്രസിഡന്റ് മഹമൂദ് മുറിയനാവി, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, പ്രസ് ഫോറം പ്രസിഡന്റ് ടി.കെ.നാരായണന്‍,കര്‍മ്മ സമിതി വൈസ് ചെയര്‍മാന്‍ സി.യൂസഫ് ഹാജി എന്നിവര്‍സംസാരിച്ചു.
