ബേക്കല്‍ : കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ദിവസത്തില്‍ ഒരു മണിക്കൂറാക്കി പരിമിതപ്പെടുത്തണമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ തുടങ്ങിയ ഖല്‍ബിലെ ബേക്കല്‍ ഹാപ്പിനെസ് ഫെസ്റ്റ് 2025 ന്റെ ഭാഗമായ അന്താരാഷ്ട്ര വിദ്യാഭ്യാസ ദിനവും ദേശീയ ബാലിക ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പോലീസ് മേധാവി. പെണ്‍കുട്ടികള്‍ക്ക് അതിര് വരമ്പുകളുണ്ടാകരുത്. ഫോണ്‍ ഉപയോഗം കുറച്ച് വായനയിലേക്കും കായിക മത്സരങ്ങളിലേക്കും കുട്ടികള്‍ തിരിയണം. വായനയിലൂടെ അറിവ് വര്‍ധിക്കുന്നതിനൊപ്പം പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കുട്ടികള്‍ക്കാകും. കുടുംബാംഗങ്ങളോടൊപ്പം കുട്ടികള്‍ കൂടുതല്‍ സമയം ചെലവിടാനും വഴിയൊരുക്കണം. ഇവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കണമെന്നും അമിതമായ ഫോണ്‍ ഉപയോഗിക്കുന്നവരെ തിരിച്ചെത്തിക്കാന്‍ ഡിജിറ്റല്‍ ഡി. അഡിക്ഷന് സെന്റര്‍ തുടങ്ങിയിട്ടുണ്ടെന്നും പോലീസ് മേധാവി പറഞ്ഞു. ജില്ലാ പഞ്ചായത്താണ് മൂന്ന് ദിവസം നീളുന്ന ബേക്കല്‍ ഹാപ്പിനെസ് ഫെസ്റ്റ് 2025 സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം എസ്.എന്‍. സരിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ഗീത കൃഷ്ണന്, വിനോദ് കൊടക്കല്‍, ആദില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലകന് വി.വേണുഗോപാല്‍ ക്ലാസെടുത്തു. തുടര്‍ന്ന് അക്കര ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മ്യൂസിക്ക്ഷോ അരങ്ങേറി.
കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒരു മണിക്കൂറാക്കി പരിമിതപ്പെടുത്തണം: ജില്ലാ പോലീസ് മേധാവി ഡി.ശില്പ
