കാഞ്ഞങ്ങാട്: കല്യോട്ട് ജിഎച്ച്എസ്എസിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന 70-ാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് നാളെ തുടക്കമാകും. ഇതോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ഥി മഹാസംഗമവും നടത്തും. 1954ല്‍ കുഞ്ഞാച്ചംവീട് തറവാട്ടില്‍ മേലത്ത് ചന്തുമാസ്റ്റര്‍ ഏകാധ്യാപകനായി ആരംഭിച്ച വിദ്യാലയം 1955ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നത്. 1980ല്‍ ഹൈസ്‌കൂളായും 2004ല്‍ ഹയര്‍സെക്കന്‍ഡറിയായും വിദ്യാലയം ഉയര്‍ത്തപ്പെട്ടു. നാളെ രാവിലെ 10നു കുഞ്ഞാച്ചംവീട് തറവാട്ടില്‍ കുടുംബാംഗങ്ങളെ ആദരിക്കലും 70 ദീപം തെളിക്കലും കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഇന്‍ ചാര്‍ജ് പ്രഫ.വിന്‍സന്റ് മാത്യു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തറവാട്ടില്‍ നിന്നും സ്‌കൂളിലേക്ക് ദീപപ്രയാണം. 11നു സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിക്കും. മേലത്ത് ചന്തുമാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട് നിര്‍വഹിക്കും. ഉച്ചയ്ക്കു 12നു നടക്കുന്ന പൂര്‍വവിദ്യാര്‍ഥി മഹാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ബാബുരാജ്, മുഖ്യാധ്യാപിക എം.കെ.ചിത്ര, പിടിഎ പ്രസിഡന്റ് ടി.പുരുഷോത്തമന്‍,
വൈസ്പ്രസിഡന്റ് അബ്ദുള്‍ ഖാദര്‍, പൂര്‍വവിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പി.എം.അഗസ്റ്റിന്‍, സെക്രട്ടറി സിജോ കൂട്ടാനിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
കല്യോട്ട് ഗവ.സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് നാളെ തുടക്കം
