ബഷീര്‍ ചിത്താരി
കാഞ്ഞങ്ങാട്: ചിത്താരി ഹസീന ക്ലബ്ബ് സംഘടിപ്പിക്കുന്ന രണ്ടാമത് എസ്.എഫ്.എ അംഗീകൃത മെട്രോ മുഹമ്മദ് ഹാജി അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ഫ്ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റിന്റെ എട്ടാം ദിവസമായ ഇന്നലെ അതി വാശിയേറിയ മത്സരത്തില്‍ വീഗന്‍സ് മൊഗ്രാല്‍ പുത്തൂര്‍ (സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ) ഗ്രീന്‍ സ്റ്റാര്‍ മീനപ്പീസിനെ ( ഉഷാ എഫ്. സി. തൃശൂര്‍ ) ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. മൊഗ്രാല്‍ പുത്തൂറിന് വേണ്ടി ആദ്യ പകുതിയില്‍ 10-ാം മിനിറ്റില്‍ ആന്റണിയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നാലെ അതി ഗംഭീരമായ ഷോട്ടിലൂടെ സാമുവല്‍ 31-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതി 4-ാം മിനിറ്റില്‍ മീനാപീസിന്റെ അബു ഗോള്‍ മടക്കി മൊഗ്രാല്‍ പുത്തൂരിന്റെ ഗോളിയുടെ കാലിനിടയിലൂടെ പന്ത് വലയിലാക്കി. എന്നാല്‍ 42-ാം മിനുട്ടില്‍ മൊഗ്രാല്‍ പുത്തൂറിന്റെ ഫോര്‍വേര്‍ഡ് മീനപ്പീസിന്റെ വലയില്‍ പന്ത് പായിച്ചെങ്കിലും ഓഫ് സൈഡ് ആയത് കൊണ്ട് നോ ഗോള്‍ ആകുകയായിരുന്നു.
വാര് പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ വിധി. മികച്ച കളിക്കാരനായി മൊഗ്രാല്‍ പുത്തൂരിന്റെ സാമുവല്‍ അര്‍ഹനായി. അതി ശക്തന്മാരായ ഇരു ടീമുകളുടെയും മത്സരം കാണാന്‍ ഗാലറി തിങ്ങി നിറഞ്ഞിരുന്നു. മീനപ്പീസിന്റെ പച്ചപ്പട കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ ഗാലറിയില്‍ ഇരിപ്പിടം ഉറപ്പിച്ചു ബാന്‍ഡ് വാദ്യങ്ങളോടെ ടീമിനെയും കാണികളെയും ആവേശം കൊള്ളിച്ചു. ഇന്നത്തെ മത്സരം ഷോം സ്റ്റിക്കേര്‍സ് എഫ്.സി. മാണിക്കോത്തും (സോക്കര്‍ ഷൊര്‍ണൂര്‍ ) ഫ്രണ്ട്സ് പൊവ്വലും (മെമ്പര്‍ ഇറ്റാലിയ സാബാന്‍ കോട്ടക്കല്‍) ഏറ്റുമുട്ടും.
