പുല്ലൂര്‍: പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെയും സ്‌പെയര്‍ പാര്‍ട്‌സുകളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം മൂലം മോട്ടോര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ ജീവിക്കാനായി വളരെയേറെ പ്രയാസപ്പെടുന്നു. ഇതിന് പരിഹാരം കാണുന്നതിന് നേരിയ ഒരു ആശ്വാസം എന്ന നിലയില്‍ ഓട്ടോ -ടാക്‌സി ചാര്‍ജ് പുതുക്കി നിശ്ചയിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ ((സിഐടിയു) ) പുല്ലൂര്‍ -പെരിയ ഡിവിഷന്‍ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു . പുല്ലൂര്‍ എ കെ നാരായണന്‍ നഗറില്‍ (എകെ ജി ഗ്രന്ഥാലയം) നടന്ന കണ്‍വെന്‍ഷന്‍ ഡിവിഷന്‍ പ്രസിഡന്റ് എം കെ രാജന്റെ അദ്ധ്യക്ഷതയില്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി എ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ഏരിയ പ്രസിഡന്റ് എം പൊക്ലന്‍, യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി യു കെ പവിത്രന്‍, യൂണിയന്‍ ഏരിയ സെക്രട്ടറി സി എച്ച് കുഞ്ഞമ്പു എന്നിവര്‍ അഭിവാദ്യം ചെയ്തു. ഡിവിഷന്‍ സെക്രട്ടറി കെ വി സുനില്‍ കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സതീഷ് കുമാര്‍ പെരിയ രക്തസാക്ഷി പ്രമേയവും, യു പ്രകാശന്‍ വരവ്-ചെലവ് കണക്കും, അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി രാജന്‍ അമ്പലത്തറ (പ്രസിഡന്റ്), സുനില്‍കുമാര്‍ വേലാശ്വരം (സെക്രട്ടറി ) പ്രകാശന്‍ പുല്ലൂര്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
