വെള്ളരിക്കുണ്ട് : പഴയകാര്യങ്ങള്‍ അയവിറക്കിയും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും 45 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മാലോത്ത് കസബ സ്‌കൂള്‍ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നു.ഒരു വട്ടം കൂടിയെന്ന് പേരിട്ട പരിപാടിയില്‍ പഴയകാലത്തിനും പുതിയകാലത്തിനും സാക്ഷിയായി ഓര്‍മ്മകളെ ഓര്‍മ്മിപ്പിച്ച പുതിയ കെട്ടിടങ്ങളുടെ വരവോടെ വിസ്മൃതിയിലായ ഓടിട്ട പഴയ സ്‌കൂള്‍ കെട്ടിടവും.
നാലര പതിറ്റാണ്ട് പഴക്കമുള്ള കുട്ടിത്തങ്ങളും കുസൃതികളും പഴയ സഹപാടികള്‍ ഓര്‍ത്തെടുത്തപ്പോള്‍ കൂട്ടിന് പഴയ അധ്യാപക ദമ്പതികള്‍ കൂടി എത്തിയപ്പോള്‍ ലഭിച്ചത് ഇരട്ടിമധുരം. മാലോത്ത് കസബ സ്‌കൂളിലെ 79 ബാച്ചിലെ കുട്ടികളും അവരെ പഠിപ്പിച്ച അധ്യാപക ദമ്പതികളും ഓര്‍മകള്‍ അയവിറക്കിയപ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. കര്‍ഷകതൊഴിലാളികള്‍ മുതല്‍ അമേരിക്കയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 40 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. പങ്കെടുക്കാന്‍ സാധിക്കാത്ത വിദേശത്ത് ജോലി ചെയ്യുന്നവര്‍ മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ വിളിച്ചു പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു. പലരും പങ്കെടുത്തത് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഒപ്പമെന്നത് വേറിട്ട അനുഭവമായി. സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍ കെ സി ജോര്‍ജ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. എവുജിന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുന്‍ ഹെഡ്മാസ്റ്റര്‍ സി ജെ മേരി, കെ സി ജോര്‍ജ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.ജോര്‍ജ് കുട്ടി ജോസഫ്, വി ടി തോമസ്, കെ വി ജോസ്, റിട്ട എസ്‌ഐ കുഞ്ഞമ്പു, കുഞ്ഞികൃഷ്ണന്‍, കെ ജെ ജോര്‍ജ്, ഫിലിപ്പോസ് മാത്യു, പോള്‍ കെ ജോസഫ്, നിര്‍മ്മല, ഗ്രേസി, ആനി സെലിന്‍ ശോഭ എന്നിവര്‍സംസാരിച്ചു.
മാലോത്ത് കസബ 1978-79 എസ് എസ് എല്‍ സി ബാച്ച് കുടുംബസംഗമം
