കാഞ്ഞങ്ങാട് : മുറിയനാവിയിലെ 65 വയസുള്ള കെ മാധവി അമ്മയുടെ വീടെന്ന സ്വപ്നം സാക്ഷാല്‍കരിക്കുന്നു. ജന്മനാ കേള്‍വി സംസാര പരിമിതിയുള്ള മാധവി അമ്മക്ക് വീട് നിര്‍മിച്ച് നല്‍കുന്നത് കാസര്‍കോട് ജില്ലയിലെ കേള്‍വി -സംസാര പരിമിതരുടെ സംഘടനയായ കാസര്‍കോട് ജില്ലാ ബധിര അസോസിയേഷനാണ്. അവിവാഹിതയായ മാധവി അമ്മ മാതാപിതാക്കളോടൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. മാതാപിതാക്കളുടെ മരണശേഷം തനിച്ചായി ജീവിതം.കേള്‍ക്കുവാനോ സംസാരിക്കുവാനോ സാധിക്കാത്ത മാധവി അമ്മ, ഏത് നിമിഷവും തകര്‍ന്നു വീഴുന്ന അവസ്ഥയിലുള്ള ചപ്പായിലാണ് താമസിച്ചു വന്നിരുന്നത്.ഒരു വീടിനുവേണ്ടി കയറിയിറങ്ങാത്ത ഓഫീസുകളോ സ്ഥാപനങ്ങളോ സമീപിക്കാത്ത വ്യക്തികളോ ഇല്ല. ആരും മാധവി അമ്മയുടെ സ്വരം കേട്ടില്ല. അവസാനം ബധിര അസോസിയേഷനില്‍ അപേക്ഷയുമായി എത്തിയത്. ഇതറിഞ്ഞ സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ, ബധിര അസോസിയേഷന്‍ രക്ഷധികാരി കെ ടി ജോഷിമോന്റെ നേതൃത്വത്തില്‍ മാധവി അമ്മയുടെ ഭവനം സന്ദര്‍ശിച്ചു. വളരെ പരിതാപകരമായ അവസ്ഥ ആണ് അവര്‍ക്ക് അവിടെ കാണുവാന്‍ സാധിച്ചത്. വിണ്ടുകീറി ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലുള്ള കുടില്‍, ഉള്ളില്‍ എലിയും പാമ്പും പൂച്ചയുമെല്ലാം ചേര്‍ന്ന് ഉണ്ടാക്കിയ വലിയ മാളങ്ങള്‍. ഇത് കണ്ട സക്കിര്‍, പവിത്രന്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് റഷാദ്, ടി ടി സുനില്‍ എന്നിവരടങ്ങിയ അസോസിയേഷന്റെ നേതൃത്വം ഒന്നടങ്കം മാധവി അമ്മക്ക് വീട് നിര്‍മിച്ചു നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.
വീടിന്റെ ശിലാസ്ഥാപനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീച്ചര്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സക്കിര്‍ സി എച്ച് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഷ്റഫ് കല്ലുരാവി മുഖ്യഥിതിയായി.ചന്ദ്രന്‍ മുറിയനാവി, രാമചന്ദ്രന്‍, എ സി മുഹമ്മദ് റഷാദ്, മുഹമ്മദ് അമീന്‍, ടി ടി സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാനും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവുമായ ജോഷിമോന്‍ കെ ടി സ്വാഗതവും കോര്‍ഡിനേറ്റര്‍ ടി പവിത്രന്‍ ടി നന്ദിയും പറഞ്ഞു.
ഭവന നിര്‍മാണത്തിന്റെ കെട്ടുപണികള്‍ മുഴുവന്‍ ചെയ്യുന്നത് ബധിരരായ മണികണ്ഠന്‍, സനീഷ് എന്നിവരാണ്. തേപ്പ് പണി ചെയ്യുന്നത് ബധിരരായ യുവാക്കളാണ്. കൂടാതെ പെയിന്റ് പണി നടത്തുന്നത് ബധിരനായ സുമേഷ് മൈലാട്ടിയുടെ നേതൃത്വത്തിലുള്ള ടീമാണ്. ഏകദേശം 8ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന വീട് ആറ് മാസത്തിനുള്ളില്‍ തീര്‍ത്ത് കൊടുക്കുവാനുള്ള ഉദ്യമത്തിലാണ് ജില്ലാബധിരഅസോസിയേഷന്‍.
