കേരള കേന്ദ്ര സര്‍വകലാശാല കൈപിടിച്ചു; ബിന്ദു ഇനി സ്നേഹവീട്ടില്‍

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തപ്പോള്‍ കെ. ബിന്ദുവിന് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. സര്‍വകലാശാലയിലെ ഔട്ട്‌സോഴ്‌സ് ജീവനക്കാരിയായ ബിന്ദുവിന്, ഇന്നലെ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു താക്കോല്‍ കൈമാറി. സഹായം ആവശ്യമുള്ളവരെ ചേര്‍ത്തു പിടിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന്് അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. രണ്ട് കിടപ്പു മുറികളും അടുക്കളയും ഹാളും ശുചിമുറികളും ഉള്‍പ്പെടെ 660 സ്‌ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ശാരീരിക പരിമിതിയുള്ള ബിന്ദുവിന് സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരുന്നില്ല. പെരിയയില്‍ വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. അഛന്‍ മാത്രമാണ് സഹായത്തിനായി ഉള്ളത്. കുടുംബത്തിന്റെ പ്രയാസം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സര്‍വകലാശാല വീട് നിര്‍മ്മാണത്തിനായി രംഗത്തിറങ്ങിയത്. ഡോ. ഇ. പ്രസാദ് (ചെയര്‍മാന്‍), ഡോ. രാജീവന്‍ കെ (പ്രസിഡണ്ട്), ഡോ. പി. ഷൈനി, ശ്രുതി കെ.വി (ട്രഷറര്‍മാര്‍), ഡോ. സെന്തില്‍കുമാരന്‍, ശ്രീകാന്ത് വി.കെ, ശ്രീജിത്ത് വി, ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍, ഡോ. അനീഷ് കുമാര്‍ ടി.കെ, ഡോ. എസ്. അന്‍ബഴഗി (അംഗങ്ങള്‍) എന്നിവരടങ്ങിയ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം. പെരിയ നാട്ടാങ്കലില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിയാണ് വീട്നിര്‍മ്മിച്ചത്.

error: Content is protected !!