നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു: കള്ളാറിലെ മുഹമ്മദ് അസ്‌കര്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട് / രാജപുരം: നോമ്പു തുറയ്ക്കുള്ള വിഭവങ്ങളുമായി വീട്ടിലേക്ക് പോവുകയായിരുന്ന യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. കള്ളാര്‍, ജുമാമസ്ജിദിന് സമീപത്ത് താമസിക്കുന്ന പ്രവാസി അഷ്‌റഫിന്റെയും
ജമീലയുടെയും മകന്‍ മുഹമ്മദ് അസ്‌കര്‍ (21) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം ആറുമണിയോടെ കള്ളാര്‍ ടൗണിലാണ് അപകടം. നിയന്ത്രണം തെറ്റിയ ബുള്ളറ്റ് മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌കറിനെ പ്രഥമ ചികിത്സ നല്‍കിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സക്കിടെ രാത്രി 11 മണിയോടെ മരണം സംഭവിച്ചു. കുറച്ചുകാലം ഗള്‍ഫിലായിരുന്ന അസ്‌കര്‍ നാട്ടില്‍ തിരികെയെത്തി ആയുര്‍വേദ മരുന്നുമായി ബന്ധപ്പെട്ട് സജീവമായി
പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്നലെ വൈകുന്നേരം അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് പിതാവ് അഷ്‌റഫ് ഇന്ന് പുലര്‍ച്ചെയോടെ നാട്ടിലെത്തി.

മുഹമ്മദ് അസ്‌കറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അസ്‌കറിന്റെ സഹോദരന്‍
അജ്മല്‍ നാലു വര്‍ഷം മുമ്പ് പനി ബാധിച്ച് മരിച്ചിരുന്നു. ഇതിന്റെ നടുക്കത്തില്‍ നിന്ന് കുടുംബം മോചിതരായി വരുന്നതിനിടയിലാണ് ബൈക്ക് അപകടം മുഹമ്മദ് അസ്‌കറിനെ മരണം തട്ടിയെടുത്തത്. മറ്റു
സഹോദരങ്ങള്‍: ഷറഫുദ്ദീന്‍,അഷ്രീഫ.

Spread the love
error: Content is protected !!