മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ കമ്മിറ്റി രൂപീകരിച്ചു: അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഉത്തര മലബാറിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നായ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം ചരിത്രവും പുരാവൃത്തവും ഐതിഹ്യ പെരുമകളും കൊണ്ട് കെട്ടുപിണഞ്ഞു കിടക്കുന്നതും തിരുവിതാംകൂര്‍ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പ് തന്നെ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ക്ഷേത്രത്തില്‍ കടന്ന് ആരാധിക്കാന്‍ അവസരം നല്‍കിയ ദേവ സ്ഥാനമാണ്.

ചരിത്രത്തിന്റെ തങ്ക ലിപികളില്‍ ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന, ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും പൂജാവിധികളിലും പഴമയുടെ തനിമ കാത്തുസൂക്ഷിക്കുന്ന, ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോഴും വിസ്മയ ചെപ്പ് തുറന്നിടുന്ന കേരളത്തിലെ തന്നെ ഏറ്റവും ഉജ്ജ്വലമായ സാംസ്‌കാരിക പാരമ്പര്യമുള്ള ക്ഷേത്രമാണ് മടിയന്‍കൂലോം. അള്ളട സ്വരൂപത്തിലെ ഏറ്റവും പ്രധാന ക്ഷേത്രമായ മടിയന്‍ കൂലോത്ത് കാല പഴക്കം മൂലം പല അറ്റകുറ്റ പ്രവര്‍ത്തികളും നടത്തേണ്ടതായി വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ തുടര്‍ന്നും ക്ഷേത്ര ചൈതന്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ക്ഷേത്രത്തില്‍ വച്ച് നടത്തപ്പെട്ട അഷ്ടമംഗല്യ പ്രശ്‌ന വിധി അനുസരിച്ച് ക്ഷേത്ര നവീകരണ കലശം ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തില്‍ വച്ച് നവീകരണ കമ്മിറ്റി രൂപീകരണ യോഗം നടന്നു.

വിവിധ കഴകങ്ങളിലെ ആചാര സാനികര്‍, അമ്പല കമ്മിറ്റി പ്രതിനിധികള്‍, സമീപ പ്രദേശങ്ങളിലെ ജമാഅത്ത് പ്രതിനിധികള്‍, പൗര പ്രമുഖര്‍, നാട്ടുകാര്‍ മറ്റ് ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ നവീകരണ കമ്മിറ്റി രൂപീകരണയോഗത്തില്‍ സംബന്ധിച്ചു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീ ഷ് പരിപാടി ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണന്‍ മടിയന്‍ നായരച്ചന്‍ അധ്യക്ഷനായി. കെ വേണുഗോപാലന്‍ നമ്പ്യാര്‍, എം. പൊക്ലന്‍, പി. വി. സുരേഷ്, എം. പ്രദീപ് കുമാര്‍, പി. ദിവാകരന്‍ നായര്‍, തെരുവത്ത് മൂസ ഹാജി, ഡോക്ടര്‍ എ.സി. പത്മനാഭന്‍, വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന, ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളായ വി. നാരായണന്‍, എ. വി. അശോകന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയന്‍, ബാലകൃഷ്ണന്‍ വെള്ളിക്കോത്ത് എന്നിവര്‍സംസാരിച്ചു. മടിയന്‍ കൂലോം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വി. എം. ജയദേവന്‍ സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു. നവീകരണ കമ്മിറ്റി ഭാരവാഹികളായി കെ. വേണുഗോപാലന്‍ നമ്പ്യാരെ ചെയര്‍മാനായും പി. ദിവാകരന്‍ നായര്‍, എന്‍. വി. തമ്പാന്‍ നായര്‍, ഗോപാലന്‍ തോക്കാനം,വി. കമ്മാരന്‍ എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും വി.എം. ജയദേവനെ ജനറല്‍ കണ്‍വീനറായും പി. കുഞ്ഞുണ്ണി നായര്‍, സി.പി.ഉണ്ണികൃഷ്ണന്‍ നായര്‍, ബേബി രാജ് എന്‍. വി എന്നിവരെ കണ്‍വീനര്‍മാരായും ആര്‍ക്കിടെക്ട് ദാമോദരനെ ട്രഷററാ യും തെരഞ്ഞെടുത്തു.

 

Spread the love
error: Content is protected !!