കാസര്‍ഗോഡ്:എം.എ മുംതാസ് ടീച്ചര്‍ എഴുതിയ ‘ടുലിപ്പ് പൂക്കള്‍ വിരിയും കാശ്മീര്‍ താഴ്വരയിലൂടെ’ എന്ന യാത്രാവിവരണ പുസ്തകം ജില്ലാ ലൈബ്രറിക്ക് കൈമാറി. പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന ഇന്ത്യന്‍ റിപ്പബ്ലിക് ഇന്നലെ ഇന്ന് നാളെ എന്ന പ്രഭാഷണ പരിപാടിയില്‍ വെച്ചാണ് പുസ്തകം കൈമാറിയത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജിനേഷ് കുമാര്‍ എരമം മുഖ്യപ്രഭാഷകനായിരുന്നു.
ലൈബ്രറി കൗണ്‍സില്‍ വികസന സമിതി ചെയര്‍മാന്‍ അഡ്വ.പി. അപ്പുക്കുട്ടനാണ് ലൈബ്രറിക്കു വേണ്ടി പുസ്തകം ഏറ്റുവാങ്ങിയത്. ഹരിതം ബുക്ക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍. ഈ വര്‍ഷം നടന്ന ഷാര്‍ജാ അന്താരാഷ്ട്ര പുസ്തക മേളയില്‍ വെച്ചാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.
എം.എ.മുംതാസ് നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്റി സ്‌കൂളിലെ ചരിത്ര വിഭാഗം അധ്യാപികയും, കവയിത്രിയുമാണ്
ഡോ. വിനോദ് കുമാര്‍ പെരുമ്പള സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
സി.എല്‍ ഹമീദ്, എ.കെ.ശശിധരന്‍,അഷ്‌റഫ് അലി ചേരങ്കൈ, എ.എസ് മുഹമ്മദ് കുഞ്ഞി, ഇട്ടക്കാട് കരുണാരന്‍, രാഘവന്‍ വലിയ വീട് ,എം പത്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു.