പെരിയ ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ കെ.എം.വിജയകൃഷ്ണന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്നു

കാഞ്ഞങ്ങാട്: അക്കാദമിക, ഭൗതിക രംഗത്തെ നേട്ടങ്ങളുമായി രാജ്യത്തെ നവോദയ വിദ്യാലയങ്ങളുടെ മുന്‍നിരയിലേക്ക് കാസര്‍കോട് പെരിയ ജവാഹര്‍ നവോദയ വിദ്യാലയത്തെ കൈപിടിച്ചു നടത്തിയ പ്രിന്‍സിപ്പല്‍ കെ.എം. വിജയകൃഷ്ണന്‍ 34 വര്‍ഷത്തെ സേവനത്തിനു ശേഷം ജനുവരി 31 ന് സര്‍വീസില്‍ നിന്നു വിരമിക്കും. പെരിയ നവോദയയുടെ ചരിത്രത്തിലാദ്യമായി തുടര്‍ച്ചയായി 14 വര്‍ഷം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ യാത്രയയപ്പ് സമ്മേളനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷമാക്കാനൊരുങ്ങുകയാണ് സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സംഘടനയും വിദ്യാര്‍ഥി-പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയും നാടും. ചെറുപുഴയ്ക്കടുത്ത ആയന്നൂര്‍ തവളക്കുണ്ട് കണ്ണമ്പള്ളിമഠത്തിലെ കെ എം വിജയകൃഷ്ണന്‍ അരുണാചല്‍ പ്രദേശിലെ റോയിങ് നവോദയ വിദ്യാലയത്തില്‍ 1989 ല്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതാധ്യാപകനായാണ് സര്‍വീസില്‍ പ്രവേശിച്ചത്. തുടര്‍ന്ന് മേഘാലയ, മണിപ്പൂര്‍, അസം, കര്‍ണാടക, തൃശൂര്‍ നവോദയ വിദ്യാലയങ്ങളിലും പ്രവര്‍ത്തിച്ചു. 1997 ല്‍ മികച്ച അധ്യാപകനുള്ള നവോദയ വിദ്യാലയ സമിതിയുടെ അവാര്‍ഡ് നേടിയ അദ്ദേഹം 2010 മാര്‍ച്ച് 17 നാണ് പെരിയ നവോദയയില്‍ പ്രിന്‍സിപ്പലായി ചുമതലയേല്‍ക്കുന്നത്. 2015 ല്‍ മികച്ച പ്രിന്‍സിപ്പലിനുള്ള നവോദയ വിദ്യാലയ സമിതി അവാര്‍ഡും നേടി.

തന്റെ സേവനകാലയളവില്‍ സ്‌കൂളിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒട്ടേറെ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്താണ് വിജയകൃഷ്ണന്റെ നവോദയയില്‍ നിന്നുള്ള പടിയിറക്കം. സ്‌കൂളില്‍ ജലക്ഷാമം രൂക്ഷമായ സമയത്ത് 10 ലക്ഷം രൂപ എംപി ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെയും ജല അതോറിറ്റിയുടെയും സഹകരണത്തോടെ പുറത്തുനിന്ന് പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചത്, എംപി, എംഎല്‍എ ഫണ്ടുകള്‍ ഉപയോഗിച്ച് ക്ലാസ് മുറികളുടെ നിര്‍മാണം, സ്‌കൂളിലെ വിവിധ ബാച്ച് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മകളുടെ പൂര്‍ണ സഹകരണത്തോടെ പുതിയ ശുചിമുറി സമുച്ചയം, സില്‍വര്‍ജൂബിലി സ്മാരക ഗേറ്റ്, സ്‌കൂള്‍ ബസ്, മള്‍ട്ടി പര്‍പ്പസ് ഹാള്‍ നവീകരണം, സ്മാര്‍ട്ട് ക്ലാസ് റൂം, മെഡിക്കല്‍ സെന്റര്‍, പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം, വിസിറ്റേഴ്‌സ് ലോഞ്ച്, ശില്‍പോദ്യാനം, വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, വീടില്ലാത്ത പൂര്‍വ വിദ്യാര്‍ഥിക്ക് വീട് നിര്‍മിച്ചു നല്‍കിയത്, പിടിസിയുടെ സഹകരണത്തോടെ സ്‌പോര്‍ട്‌സ് കോംപ്ലസ്, പവലിയന്‍ നിര്‍മാണം അങ്ങനെ നീളുന്നു ഈ പട്ടിക . ഇതെല്ലാം യാഥാര്‍ഥ്യമാക്കുന്നതില്‍ സ്‌കൂളിലെ വിവിധ ബാച്ച് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മകളെ ഏകോപിപ്പിച്ച് അവരുടെ സഹകരണം ഉറപ്പാക്കുന്നതില്‍ പ്രിന്‍സിപ്പലിന്റെ നിശ്ചയദാര്‍ഢ്യവും കരുത്തായി. സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരന്‍ നാരായണന് താന്‍ മുന്‍കൈയെടുത്ത് സ്റ്റാഫിന്റെ കൂടി സഹകരണത്തോടെ സ്വന്തമായി വീടെന്ന സ്വപ്നം കൂടി സാക്ഷാത്കരിച്ചാണ് എം.കെ. വിജയകൃഷ്ണന്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്നത്. ഇതേ സ്‌കൂളിലെ അധ്യാപികയായ ശ്രീജയാണ് വിജയകൃഷ്ണന്റെ ഭാര്യ മക്കള്‍ ഡോ പൂര്‍ണിമ, മധുരിമ മരുമകന്‍ ക്യാപ്റ്റന്‍ പ്രണവ് .

യാത്രയയപ്പ് ആഘോഷമാക്കാന്‍ സംഘാടക സമിതി

കെ.എം.വിജയകൃഷ്ണന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് ജനുവരി 30,31 തീയതികളില്‍ സംഘാടക സമിതിയുടെയും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ വിജയം – 2024 എന്ന പേരില്‍ വൈവിധ്യങ്ങളായ പരിപാടിളാണ് സ്‌കൂളില്‍ നടക്കുന്നത്. 30 ന് 10 ന് നടക്കുന്ന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്യും. കഥാകൃത്ത് ടി.പത്മനാഭന്‍ മുഖ്യാതിഥിയാകും. യാത്രയയപ്പിന്റെ ഭാഗമായി തയാറാക്കിയ സുവനീറും അദ്ദേഹം പ്രകാശനം ചെയ്യും. തുടര്‍ന്ന് സുധന്‍ കൈവേലിയും സംഘവും നയിക്കുന്ന കലയിലൂടെ ഒരു യാത്ര എന്ന പരിപാടി നടക്കും. പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 4 ന് നടക്കുന്ന ഗുരുവന്ദനം പരിപാടിയില്‍ സ്‌കൂളിലെ മുന്‍കാല അധ്യാപകരെ ആദരിക്കും. നവോദയ വിദ്യാലയ സമിതി നോയിഡ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.പി. രാജന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 മുതല്‍ ഫിറോസും സംഘവും നയിക്കുന്ന വേവ്സ് ഓഡിയോ സ്റ്റേഷന്റെ മ്യൂസിക്കല്‍ നൈറ്റ്. 31 ന് 10 ന് അധ്യാപക രക്ഷാകര്‍ത്യസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര-സീരിയല്‍ താരം വിനോദ് കോവൂര്‍ മുഖ്യാതിഥിയാകും. സ്‌കൂളിലെ താല്‍ക്കാലിക ജീവനക്കാരന്‍ നാരായണന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം പ്രിന്‍സിപ്പല്‍ കെ.എം.വിജയകൃഷ്ണന്‍ നിര്‍വഹിക്കും. തുടര്‍ന്ന് മധു ബേഡകത്തിന്റെ ഏകപാത്ര നാടകം – മരണമൊഴി അരങ്ങേറും. സമൂഹസദ്യയുമുണ്ടാകും. 3 ന് സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടറും നവോദയ വിദ്യാലയ സമിതി ചെയര്‍മാനുമായ കെ. ഇമ്പശേഖര്‍ നിര്‍വഹിക്കുമെന്നും കെ. വേണുഗോപാലന്‍ നമ്പ്യാര്‍ (സംഘാടക സമിതി ചെയര്‍മാന്‍), അധ്യാപകരായ നവീന്‍കുമാര്‍ ഭക്ത, എം. വി.ശൈലേന്ദ്രന്‍, സംഘാടക സമിതി ഭാരവാഹികളായ എ.കെ. രാജേന്ദ്രന്‍, എന്‍.വിനോദ് കുമാര്‍, കെ.ബാബു എന്നിവര്‍ അറിയിച്ചു

 

Spread the love
error: Content is protected !!