പരപ്പ മുണ്ട്യാനം ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ഏപ്രില്‍ 6, 7 തീയതികളില്‍

പരപ്പ: മുണ്ട്യാനം ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം ഒറ്റക്കോല മഹോത്സവം ഏപ്രില്‍ 6, 7 തീയതികളിലായി നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഒറ്റക്കോലത്തിന് മുന്നോടിയായി ഏപ്രില്‍ അഞ്ചിന് മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിച്ച് സമൂഹ നോമ്പുതുറ നടക്കും. തുടര്‍ന്ന് സുവനീര്‍ കമ്മിറ്റി ഒരുക്കിയ പുസ്തക പ്രകാശനം നടക്കും. കവി ദിവാകരന്‍ വിഷ്ണുമംഗലം പ്രകാശനം നിര്‍വഹിക്കും. നമ്പ്യാര്‍ കൊച്ചി ഹംസത്തുല്‍ ഇസ്ലാം ജുമാ മസ്ജിദ് സെക്രട്ടറി അബ്ബാസ് ഹാജി പുസ്തകം ഏറ്റുവാങ്ങും.
ഒറ്റക്കോല മഹോത്സവത്തിന് തുടക്കം കുറിച്ച് ആറിന് രാവിലെ 10 മണിക്ക് ക്ലായിക്കോട് കൊട്ടാര ക്ഷേത്ത്രത്തില്‍ നിന്നും കലവറനിറയ്ക്കല്‍ ഘോഷയാത്ര നടക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ അന്നദാനം.വൈകീട്ട് ആറുമണിക്ക് ദീപവും തിരിയും എഴുന്നള്ളിക്കല്‍. 6.30 ന് ദീപാരാധന, തുടര്‍ന്ന് തിടങ്ങല്‍, 7 മണിക്ക് മേലേരിക്ക് അഗ്‌നിപകരല്‍, രാത്രി 8 ന് അന്നദാനം, 9 ന് വിഷ്ണുമൂര്‍ത്തിയുടെ തോറ്റം പുറപ്പാട്, 10ന് പനിയന്‍ തെയ്യം എന്നിവ നടക്കും. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായിക കീര്‍ത്തന ശബരീഷ് നയിക്കുന്ന കാലിക്കറ്റ് മില്ലേനിയം വോയിസിന്റെ ലൈറ്റ്‌ഷോ ഗാനമേളയും, കരിമരുന്ന് പ്രയോഗവും നടക്കും. 7ന് പുലര്‍ച്ചെ രണ്ടിന് രക്തചാമുണ്ഡിയുടെ പുറപ്പാട്, പുലര്‍ച്ചെ അഞ്ചുമണിക്ക് വിഷ്ണുമൂര്‍ത്തിയുടെ അഗ്‌നിപ്രവേശം എന്നിവ നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി കെ ബാലചന്ദ്രന്‍,
വര്‍ക്കിങ് ചെയര്‍മാന്‍ സി. കെ പത്മനാഭന്‍ മാസ്റ്റര്‍,
കണ്‍വീനര്‍ പി. ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം. കെ ചന്തുഞ്ഞി, ട്രഷറര്‍ ലാല്‍ കൃഷ്ണ എന്നിവര്‍സംബന്ധിച്ചു.

 

Spread the love
error: Content is protected !!