പൊതു തെരഞ്ഞെടുപ്പ് 2024: നിരീക്ഷണം ശക്തം; പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 8391 പ്രചാരണ സാമഗ്രികള്‍ നീക്കി

കാസര്‍കോട് : ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു ഇടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അനധികൃതമായി സ്ഥാപിച്ച 8391 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.

പൊതു ഇടങ്ങളില്‍ നിന്നായി 8277 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ പ്രധാനമായും നീക്കം ചെയ്യുന്നത് ആന്റി ഡീഫെയ്സ്‌മെന്റ് സ്‌ക്വാഡുകളാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളില്‍ പതിച്ച പ്രചാരണ സാമഗ്രികളാണ് കൂടുതലും നീക്കിയത്. പൊതുസ്ഥലങ്ങളിലെ ഏഴ് ചുവരെഴുത്തുകള്‍, 6471 പോസ്റ്ററുകള്‍, 622 ബാനര്‍, 951 കൊടികളും തോരണങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു.

കൂടാതെ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളില്‍ ഉടമകളുടെ അനുമതിയില്ലാതെ പതിക്കുന്ന പ്രചാരണ സാമഗ്രികളും പരാതിയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യും. ഇത്തരത്തില്‍ പതിച്ച 92 പോസ്റ്ററുകളും 11 ഫ്ളക്സുകളും 11 കൊടി തോരണങ്ങളും ഉള്‍പ്പെടെ 114 പ്രചരണ സാമഗ്രികളും ആന്റി ഡീഫെയ്സ്‌മെന്റ് സ്‌ക്വാഡ്നീക്കംചെയ്തു.

Spread the love
error: Content is protected !!