ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് വയനാട്ടുകുലവന്‍ അരങ്ങൊഴിഞ്ഞു: കള്ളികുളങ്ങര വലിയ വീട് തറവാട്ടില്‍ തെയ്യം കെട്ടിന് ഭക്തിനിര്‍ഭരമായ സമാപനം

ഉദുമ : കണ്ണികുളങ്ങര വലിയവീട് തറവാട്ടിലെത്തിയ ആയിരങ്ങള്‍ക്ക് ആവോളം അനുഗ്രഹം നല്‍കി കുലദൈവമായ വയനാട്ടുകുലവന്‍ അരങ്ങൊഴിഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ കാര്‍ന്നോന്‍, കോരച്ചന്‍, കണ്ടനാര്‍കേളന്‍ തെയ്യങ്ങളുടെ പുറപ്പാടിന് ശേഷമായിരുന്നു വയനാട്ടുകുലവന്റെ മറക്കളത്തിലേക്കുള്ള പ്രവേശം. ആതിപറമ്പന്‍ കുഞ്ഞാലിയുമായുള്ള സൗഹൃദത്തിന്റെയും മതമൈത്രിയുടെയും ഓര്‍മയില്‍ ബോനം കൊടുക്കല്‍ ചടങ്ങും പൂര്‍ത്തിയായി. മറക്കളത്തിനകത്തും പുറത്തും തിങ്ങിനിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ ബപ്പിടല്‍ പോലെ പ്രാധാന്യമേറിയ വയനാട്ടുകുലവന്റെ ചൂട്ടൊപ്പിക്കല്‍ ചടങ്ങും നടന്നു. ചൂട്ടാട്ട ശേഷം ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ തറവാട് കാര്‍ണവരെ ചൂട്ട് ഏല്പിച്ച് കൊട്ടിലകത്തെ കാലും പലകയില്‍ വെക്കുന്ന ചടങ്ങാണിത്. വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തിയ ശേഷം രണ്ടു തെയ്യങ്ങളും ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. കൂടിപ്പിരിയലിനു ശേഷം വിഷ്ണുമൂര്‍ത്തിയും അരങ്ങൊഴിഞ്ഞു. ശേഷം വയനാട്ടുകുലവന്‍ മൊഴിപറഞ്ഞു പിരിഞ്ഞ ശേഷം തെയ്യംകെട്ടിന്റെ സമാപനം കുറിക്കുന്ന മറപിളര്‍ക്കല്‍ പൂര്‍ത്തിയാക്കി. വിളക്കിലരിയും കൈവീതും കഴിഞ്ഞു സദ്യയുണ്ട് പിരിഞ്ഞതോടെ ഉത്സവം സമാപിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത മഹോത്സവം സര്‍വ കാല പുതുമയോടെ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെ പൂര്‍ത്തിയായ സംതൃപ്തിയിലാണ് ആഘോഷ കമ്മിറ്റിയും തറവാട് കമ്മിറ്റിയും അംഗങ്ങളും പ്രാദേശിക സമിതിയും നാട്ടുകാരും. സദാ നേരവും വിഭവ സദ്യയൊരുക്കിയും സര്‍വ ജനങ്ങള്‍ക്കും ഉത്സവം കാണാനുള്ള അവസരം ഒരുക്കിയ ഒരു തെയ്യം കെട്ടാണ് ഉദുമ ടൗണിന്റെ ഹൃദയ ഭാഗത്ത്സമാപിച്ചത്.

 

Spread the love
error: Content is protected !!