കാഞ്ഞങ്ങാട്: പട്ടികയില്‍ നിന്നും ഒഴിവാക്കിയ 1031 പേരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അമ്മമാരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരം രണ്ട് മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ കേള്‍ക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ സമരം കടുപ്പിക്കാന്‍ സമരസമിതി തീരുമാനിച്ചു.
മെയ് 10 ന് അമ്മമാരുടെ അനിശ്ചിതകാല രാപകല്‍ നിരാഹാര സമരം ആരംഭിക്കും. സമരം ചെയ്യുന്നവരുമായി ചര്‍ച്ച ചെയ്യാനുള്ള അവസരം പോലും നിഷേധിക്കുന്ന അധികാര ദാര്‍ഷ്ഠ്യത്തെ എന്തു വിലകൊടുത്തും നേരിടുമെന്ന് യോഗം തീരുമാനിച്ചു.
1031 പേരും പട്ടികയില്‍ ഇടം പിടിച്ചവരാണന്നറിയാമെന്ന ഔദ്യോഗിക ഭാഷ്യം സത്യമാണന്നതു കൊണ്ടു മാത്രമാണ് ചര്‍ച്ച ചെയ്യാന്‍ അവസരമുണ്ടാക്കതെന്ന് യോഗം വിലയിരുത്തി. സുപ്രീം കോടതി വിധിയനുസരിച്ച് നഷ്ട പരിഹാരം കമ്പനി അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്നത് അടിവരയിട്ടു പറയുന്നുണ്ടെങ്കിലും അതിനു വേണ്ടി കേരള സര്‍ക്കാര്‍ കോടതിയെ സമീപിക്കാതെ എണ്ണം കുറച്ച് വിഷം വിതക്കുന്ന കമ്പനികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സമരസമിതി ആരോപിച്ചു.
അന്താരാഷ്ട്രാമാനമുള്ള കീടനാശിനി മാഫിയകളെ ചെറുക്കാന്‍ സമൂഹമൊന്നടങ്കം മുന്നോട്ടു വരണമെന്ന് സമരസമിതി അഭ്യര്‍ത്ഥിച്ചു. സമരസഹായസമിതി ചെയര്‍മാന്‍ എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
പ്രമീളചന്ദ്രന്‍ ,മോഹനന്‍ കുശാല്‍ നഗര്‍, ശിവകുമാര്‍ എന്മകജെ, ജയന്തി കൊടക്കാട്, സീതി ഹാജി, സതി, മനോജ് ഒഴിഞ്ഞവളപ്പ്, തമ്പാന്‍ പുതുക്കൈ, കുമാരന്‍ കടാങ്കോട്ട്, ശ്രീധരന്‍ മടിക്കൈ, ശാരദ മധൂര്‍, ബേബിഅമ്പിളി, സരസ്വതി അജാനൂര്‍, ബിന്ദു കാഞ്ഞങ്ങാട് , പുഷ്പ ഭീമനടി, അവ്വമ്മ, ഭവാനി എന്നിവര്‍ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും എം.കെ.അജിത നന്ദിയും പറഞ്ഞു.