കാസര്‍കോട്: തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഒന്‍പത് ലക്ഷത്തില്‍ അധികം ആളുകള്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കിലും അഞ്ചുലക്ഷത്തില്‍ താഴെമാത്രമാണ് അംശാദായം അടച്ചു അംഗത്വം പുതുക്കിയിട്ടുള്ളത്.സംസ്ഥാന സര്‍ക്കാരും ക്ഷേമനിധിബോര്‍ഡും തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിനോ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.തയ്യല്‍ തൊഴിലാളികളോടുള്ള അവഗണന സര്‍ക്കാരും ക്ഷേമനിധിബോര്‍ഡുംഅവസാനിപ്പിക്കണമെന്ന് കാസര്‍കോട് റോട്ടറി ഭവനില്‍ നടന്ന ഭാരതീയ ടൈലേഴ്സ് സംഘ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് സി വി തമ്പാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.യൂണിയന്‍ ജില്ലാപ്രസിഡന്റ് പി ദിനേശ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷന്‍ സെക്രട്ടറി അനില്‍ ബി നായര്‍, ജില്ലാജോയിന്‍ സെക്രട്ടറിമാരായ സുനില്‍ വാഴക്കോട്, യശ്വന്തി മഞ്ചേശ്വരം, സുരേഷ് ദേളി, ഗുരുദാസ് മധൂര്‍ എന്നിവര്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അംഗങ്ങളുടെ മക്കളേയും പെന്‍ഷന്‍ ആയി പിരിഞ്ഞു പോകുന്ന അംഗങ്ങളെയും സമ്മേളനത്തില്‍ വെച്ച് പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. യൂണിയന്‍ ജനറല്‍സെക്രട്ടറി ഗീതബാലകൃഷ്ണന്‍ വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീദിവ്യ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.ബി എം എസ് ജില്ലാകമ്മിറ്റി അംഗം കൃഷ്ണന്‍കേളോത്ത് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പി ദിനേശ് (പ്രസിഡന്റ്), ഗീതബാലകൃഷ്ണന്‍, (സെക്രട്ടറി), ശ്രീദിവ്യ പരവനടുക്കം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബി എം എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ സമാരോപ് പ്രഭാഷണം നടത്തി. ശ്യാമള പരവനടുക്കം സ്വാഗതവും ചിത്രകല മാവിനകട്ട നന്ദിയുംപറഞ്ഞു.