കഥകളി അരങ്ങില്‍ വിസ്മയമായി കുണ്ട്ലായര്‍ സഹോദരന്‍മാര്‍

പ്രഭാകരന്‍ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: കേരളകലയായ കഥകളിയില്‍  വിസ്മയമാവുകയാണ് കുണ്ട്ലായര്‍ സഹോദരന്‍മാര്‍. കാഞ്ഞങ്ങാട് മാക്കരംകോട്ട് ഇല്ലത്തെ പ്രശസ്തരായ കഥകളി  കലാകാരന്‍മാര്‍ കോട്ടക്കല്‍ വാസുദേവന്‍ കുണ്ട്ലായരും കോട്ടക്കല്‍ കേശവന്‍ കുണ്ട്ലായരും കാഞ്ഞങ്ങാട്ടുകാരാണെങ്കിലും രണ്ടുപേരും ഇന്നറിയപ്പെടുന്നത് കോട്ടക്കല്‍  പി എസ് വി നാട്യസംഘത്തിന്റെ പേരിലാണ്. നാട്ടിലും വിദേശത്തും ഇവര്‍ കഥകളിയിലെ കുണ്ട്ലായര്‍ സഹോദരങ്ങള്‍. പുരുഷ വേഷങ്ങളായ നളന്‍, ഭീമന്‍, അര്‍ജ്ജുനന്‍ എന്നിവരെ വേദിയിലവതരിപ്പിക്കാനാണ് കേശവന് താല്‍പ്പര്യമെങ്കില്‍ ജ്യേഷ്ഠനായ വാസുദേവന്‍ കുണ്ട്ലായര്‍ക്ക് സ്ത്രീവേഷങ്ങളാണ് കൂടുതലിഷ്ടം. കൈമുദ്രകളും കാല്‍വെയ്പ്പും ശബ്വിന്യാസങ്ങളും കോട്ടക്കല്‍ കേശവ കുണ്ട്ലായരുടെ നരകാസുരനെ മികവുറ്റതാക്കുന്നു. പ്രേമശൃംഗാരഭാവങ്ങളുടെ അഭിനയ പരിണാമങ്ങളുമാണ് കോട്ടക്കല്‍ വാസുദേവകുണ്ട്ലായരുടെ സ്ത്രീ വേഷങ്ങലുടെ പ്രത്യേകത.  കഥകളിയിലെ ഏറ്ററ്വും മികച്ച സ്ത്രീവേഷമായിരുന്നു ഇദ്ദേഹം ചെയ്തിട്ടുള്ളത്. കേരളത്തിന്റെ ബ്രാഹ്‌മണാധിപത്യത്തില്‍ പത്തില്ലങ്ങളിലൊന്നായി പുകള്‍പെറ്റത്താണ് പുല്ലൂര്‍ മാക്കരംകോട്ട്  ഇല്ലം.  കഥകളിയിലെ അപൂര്‍വ്വ നിയോഗമാണ് രണ്ട് പേരും. കേരളകലയ്ക്കൊപ്പം ഇല്ലപ്പേരും  ഇവര്‍ക്കൊപ്പം ലോകപ്രശസ്തമാവുന്നു. കഥകളിയുടെ പോറ്റില്ലമാണ് വെള്ളിക്കോത്തെ മാക്കരംകോട്ട് ഇല്ലം എന്നു പറയാം. രണ്ട്പേരും  കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീഴിലുള്ള പരമശിവവിലാസം നാട്യസംഘത്തില്‍ ചേരുന്നത് 1972 ജുണ്‍ 28ന്. വര്‍ഷങ്ങളോളം അച്ചനൂം മുത്തശ്ശനുമൊപ്പം കഥകളിഭ്രമം മൂത്തുനടന്നു. കഥകളിയോടുള്ള അടക്കാനാവാത്ത മോഹം കൊണ്ട്മാത്രമാണ് കോട്ടക്കലില്‍ എത്തുന്നത്. 1982 മുതല്‍ ഇരുവരും അധ്യാപകരും പ്രധാന വേഷക്കാരുമായി മാറി. .കടുത്ത അഭിനിവേശമായിരുന്നു  മാക്കരംകോട്ട് ഇല്ലത്തെ പഴയ തലമുറക്ക് കഥകളിയോട്. പ്രശസ്തരായ കഥകളിആശാന്‍മാര്‍  ഇല്ലത്ത് പുലര്‍ച്ചയോളം  കഥകളിക്കാര്‍ നവരസങ്ങളുടെ ഭാവപ്രപഞ്ചം നുകര്‍ന്നു.  മലയാള കലയുടെ കേളികൊട്ടുയര്‍ന്നതായിരുന്നു ആ പഴയകാലം . ദേശാന്തരങ്ങള്‍ കടന്ന് കഥകളിപ്പെട്ടിയുമായി കളിക്കാര്‍ വന്നു, കഥകളി കാണാന്‍ ഇല്ലത്തെ കാരണവന്‍മാര്‍ തെക്കന്‍ കേരളത്തിലെ കളിയരങ്ങുകള്‍ തേടിപ്പോകുകയും  ചെയ്തു.ഇന്ന്  പഴയ തലമുറയുടെ കഥകളി പ്രണയം  ഇളം തലമുറക്കാരായ സഹോദരങ്ങളിലൂടെ പെരുമ നേടിയിരിക്കുന്നു. .  കല്ലുവഴിച്ചിട്ടയിലുള്ള പഠനമായിരുന്നു അവിടെ. കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായര്‍ ആശാനായിരുന്നു ഗുരു. കഥകളിക്ക് പന്ത്രണ്ട് പേര്‍ക്കായിരുന്നു വര്‍ഷത്തില്‍ പ്രവേശനം. ആറു മാസം പരിശീലനവും ആറു മാസം കളിയുമെന്നതാണ് പതിവ്. ഒരു വര്‍ഷത്തില്‍ 75ഓളം വേദികള്‍ കിട്ടിയിരുന്നു അക്കാലത്ത്. ഗുരുനാഥന്‍മാരായ കോട്ടക്കല്‍ കൃഷ്ണന്‍ നായരും, കോട്ടക്കല്‍ ചന്ദ്രശേഖരനും മറ്റ് സംഘാസംഘാംഗങ്ങള്‍ക്കൊപ്പം 1983ല്‍ ചൈന, കൊറിയ എന്നിവിടങ്ങളില്‍ ഒന്നരമാസം വിദേശപര്യടനം നടത്തിയിരുന്നു. 1998ല്‍ സ്വിറ്റ്സര്‍ലിലെ ഫെസ്റ്റിവലില്‍ ആദ്യമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവര്‍ കഥകളി അവതരിപ്പിച്ചു. വിദേശത്ത് കല്ല്യാണസൗഗന്ധികം, ദക്ഷയാഗം, ദുര്യോധനവധം, സുഭദ്രാഹരണം.നരകാസുരവധം എന്നീ കഥകള്‍ക്കായിരുന്നു ഏറെ പ്രിയമെന്ന് കുണ്ട്ലായര്‍ സഹോദരന്‍മാര്‍ പറഞ്ഞു. കോട്ടക്കല്‍ കഥകളി ഗുരുകുലത്തില്‍ കുണ്ട്ലായര്‍ സഹോദരങ്ങളുടെ സഹപാഠിയായിരുന്നു  ലിയനാര്‍ദോ ബാത്തിസ്റ്റ എന്ന പ്രശസ്തനായ ഇറ്റാലിയന്‍ ചലച്ചിത്രനടന്‍. കോട്ടക്കല്‍ പൈതൃകമായി കിട്ടിയ കഥകളിയുടെ ജ്ഞാനമുദ്രകള്‍ കൈവിട്ടുപോവാതെ നെഞ്ചോട് ചേര്‍ത്ത് തലമുറകളിലേക്ക് പകരുകയാണ് കുണ്ട്ലായര്‍സഹോദരന്‍മാര്‍.
Spread the love
error: Content is protected !!