മാണിക്കോത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം: കൂവം അളക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷംവയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന, അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ദേവസ്ഥാന പരിധിയില്‍ വരുന്ന,മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ കൂവം അളക്കല്‍ ചടങ്ങ് നടന്നു. തറവാട്ടിലെ വയനാട്ടുകുലവന്‍ തെയ്യത്തിനും പരിവാരദൈവങ്ങള്‍ക്കും കൊടിയിലയിട്ട് ഒരുനേരത്തെ നിവേദ്യംവിളമ്പുമ്പോള്‍ തനിക്ക് ചുറ്റുമുള്ള മറ്റു ക്ഷേത്രങ്ങളിലെ ദേവി ദേവന്മാര്‍ക്കും ഒരു നേരത്തെ നിവേദ്യം വിളമ്പുന്നതിനായിട്ടാണ് കൂവം അളക്കല്‍ എന്ന സുപ്രധാന ചടങ്ങ് നടത്തുന്നത്. ആദ്യമായി പഞ്ചലിങ്കേശ്വര ക്ഷേത്രം കുണ്ടംകുഴിയിലേക്കും പിന്നീട്‌ദേശാധിപനായ മടിയന്‍ കൂലോം ക്ഷേത്രപാലകനും തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ മറ്റ് ക്ഷേത്രങ്ങളിലേക്കുംകൂവം അളന്നു. അളന്നെടുത്ത നെല്ല് പ്രത്യേകം സഞ്ചി കളിലാക്കി പിന്നീട് അതാത് ക്ഷേത്രങ്ങളിലേക്ക് എത്തിക്കും. അന്യം നിന്നുപോകുന്ന കാര്‍ഷിക സംസ്‌കാരം തിരിച്ചു കൊണ്ടുവരുന്നതിന് വേണ്ടി തെയ്യംകെട്ട് മഹോത്സവ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി ചെയ്‌തെടുത്ത നെല്ലുപയോഗിച്ചാണ് തറവാടിന്റെ തിരുമുറ്റത്ത് കൂവം അളക്കല്‍ ചടങ്ങ് നടത്തിയത്.

തറവാട് കാരണവര്‍ ആണ്ടി ഉദുമ ,കൃഷ്ണന്‍ ഉദുമ കൂവം അളക്കല്‍ ചടങ്ങിന് കാര്‍മികത്വം വഹിച്ചു. ഇതോടൊപ്പം തെയ്യം കൊടുക്കല്‍ ചടങ്ങും നടന്നു.വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍,കോലാധാരികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍,വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി ഭാരവാഹികള്‍, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, മറ്റ് ഭക്തജനങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു. ഏപ്രില്‍ 6 ശനിയാഴ്ച രാവിലെ 10.42 മുതല്‍ 12 15 വരെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കലവറ നിറയ്ക്കല്‍ ചടങ്ങ് നടക്കും. വൈകിട്ട് 7ന് അഞ്ഞൂറില്‍ പരം വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര അരങ്ങേറും. ഏപ്രില്‍ 8, 9 തീയതികളിലായി തറവാട് തെയ്യങ്ങളും 10, 11. 12 തീയതികളില്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവവുംനടക്കും.

Spread the love
error: Content is protected !!