ചിറ്റാരിക്കാല്‍: കര്‍ഷകനെ കൃഷിയിടത്തില്‍ ഇടിമിന്നലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലാവയല്‍ മലാംകടവിലെ ആലയ്ക്കകത്ത് എ.സി.ജോസ് (64) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അടയ്ക്ക പെറുക്കാനായി വീട്ടില്‍ നിന്നും രണ്ടുകിലോമീറ്ററോളം അകലെ കുളിനീരിലുള്ള കൃഷിയിടത്തിലേക്ക് പോയതായിരുന്നു ജോസ്. ആ സമയത്താണ് ശക്തമായ ഇടിമിന്നലും മഴയുമുണ്ടായത്. വൈകുന്നേരമായിട്ടും തിരിച്ചെത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലതവണ ജോസിനെ ഫോണ്‍ വിളിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് അന്വേഷിച്ച് ചെന്നപ്പോഴാണ് പറമ്പിലെ ഷെഡിനുള്ളില്‍ ജോസിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമായിരിക്കും മരണ കാരണമെന്നാണ് ആദ്യം കരുതിയത്. മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് മരണ കാരണം ഇടിമിന്നല്‍ ആണെന്ന കാര്യം വ്യക്തമായത്. ഭൂമിക്കടിയില്‍ നിന്നാകാം മിന്നലേറ്റതെന്നാണ് കരുതപ്പെടുന്നത്.
ഭാര്യ: ലൂസി ചിറ്റാരിക്കാല്‍ കൊച്ചുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ജ്യോതിസ്, ഇവാഞ്ചല്‍. മരുമകന്‍: ജിം കുമരകത്തുകാലായില്‍. ദേവസ്യ-മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോര്‍ജ്, ആലീസ്,മേരി,ജയിംസ്.