കാഞ്ഞങ്ങാട് : ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം , ജില്ലാ ടി ബി ഓഫീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയാരോഗ്യ ദൗത്യം കോണ്‍ഫെറെന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ടി. ബി ഓഫീസര്‍ ഡോ. മുരളീധര നല്ലൂരായ എ യുടെ അധ്യക്ഷതയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. രാംദാസ് എ വി നിര്‍വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സന്തോഷ് കെ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അനില്‍ കുമാര്‍ പി കെ, ഡബ്ലിയു എച്ച് ഒ കണ്‍സള്‍ട്ടന്റ് ഡോ അനൂപ് കുമാര്‍ ടി എന്‍, മുന്‍ ടി. ബി ഓഫീസര്‍ മാരായ ഡോ സിറിയക് ആന്റണി , ഡോ രവി പ്രസാദ്, ഡോ ആമിന ടി പി, ജില്ലാ ജനറല്‍ ആശുപത്രികളിലെ എം. ഒ ടി സി മാരായ ഡോ പ്രവീണ്‍ കെ സി, ഡോ നാരായണ പ്രദീപ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡീയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ ടി ബി ചാമ്പ്യന്‍മാരെ ആദരിക്കല്‍ ,ടി ബി പ്രതിജ്ഞ ചൊല്ലല്‍ ,നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ബോധവത്കരണ സെമിനാര്‍ , എന്നിവ സംഘടിപ്പിച്ചു .
2025 ഓടുകൂടി ക്ഷയ രോഗ നിര്‍മാര്‍ജനം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ക്ഷയരോഗ ബാധിതരെ എത്രയും പെട്ടന്ന് കണ്ടെത്തി രോഗവ്യാപനം ഇല്ലാതാക്കി മരണ നിരക്ക് കുറക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിച്ചു വരുന്നത് .
രോഗ ബാധിതരുടെ ചികിത്സക്കും അനുബന്ധ ചെലവുകളും കുറച്ചു കൊണ്ടു വരുന്ന കാര്യത്തില്‍ 2010 നു ശേഷം വലിയ പുരോഗതികൈ വരിയ്ക്കാന്‍ സാധിച്ചിരുന്നു .
ക്ഷയരോഗ പരിശോധനകളുടെ എണ്ണം 25% വര്‍ദ്ധിപ്പിച്ചപ്പോള്‍ രോഗബാധിതരുടെ എണ്ണത്തില്‍ 10% കുറവ് കണ്ടെത്തിയിട്ടുണ്ട് . പരിശോധനയും ചികിത്സയും മരുന്നുകളും കൂടാതെ പോഷകാഹാരത്തിനുള്ള തുകയും ഭക്ഷണക്കിറ്റുകളും രോഗ ബാധിതര്‍ക്ക് സൗജന്യമായി നല്‍കി വരുന്നു . ക്ഷയരോഗ ബാധിതര്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വാസസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും ക്ഷയരോഗ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് . ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വളണ്ടിയര്‍മാര്‍ക്കും ആവശ്യമായ പരിശീലനവും തുടര്‍ പരിശീലനങ്ങളും നല്‍കി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന്റെ ഫലമായി കേസുകള്‍ വേഗത്തില്‍ കണ്ടുപിടിക്കാനും രോഗവ്യാപനവും മരണ നിരക്കും കുറക്കാന്‍ ജില്ലക്ക് സാധിച്ചിട്ടുണ്ട് .
ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേത്യത്വത്തില്‍ ജില്ലാ ടി ബി ഫോറം, പ്രദേശിക നേതാക്കളേയും വളണ്ടിയര്‍മാരെയും ഉള്‍പ്പെടുത്തി തീരദേശ ടി ബി നിര്‍മ്മാര്‍ജന ഫോറം എന്നിങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ചിട്ടുണ്ട് . ഈ വര്‍ഷം അവയുടെ നേത്യത്വത്തില്‍ ക്യാമ്പുകള്‍, സഹായങ്ങള്‍, ബോധവല്‍ക്കരണം എന്നിവ നടത്തും. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് രോഗബാധിതര്‍ക്ക് സൗജന്യ പോഷകാഹാരക്കിറ്റ് നല്‍കുവാനുള്ള നടപടികള്‍ നടന്നു വരുന്നു. കൂടാതെ കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ചുകൊണ്ട് സഹായങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിദ്യാലയങ്ങളില്‍ബോധവല്‍ക്കരണം, പാലിയേറ്റീവ് വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തല്‍ വ്യവസായ ശാലകളിലും തൊഴിലിടങ്ങളിലും സ്‌ക്രീനിംഗ് കുടുംബശ്രീ നെറ്റ്വര്‍ക്ക് സംവിധാനത്തെ ഉപയോഗിച്ചു കൊണ്ട് ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.