പ്രഭാകരന്‍ കാഞ്ഞങ്ങാട്
കാഞ്ഞങ്ങാട്: കാമദേവ സങ്കല്പത്തിന്റെ സാക്ഷാത്ക്കാരമായി വീടുകളിലും തറവാടുകളിലും കാമരൂപങ്ങളൊരുങ്ങി. പൂരപ്പൂക്കള്‍ കൊണ്ടാണ് പൂക്കാമനെ ഒരുക്കിയത്. പൂരോത്സവത്തിന് നാളെ പുലര്‍ച്ചെ സമാപനമാവും. കട്ടപ്പൂ. ചെക്കിപ്പൂ, എരിക്കിന്‍പൂ, മുരിക്കിന്‍പൂ,അതിരാണിപൂ, വയറപ്പൂവ്,ചെമ്പകപ്പൂവ്,പാലപ്പൂവ്,ആലോത്തിന്‍പൂ, എന്നിവയാണ് പൂരപ്പൂക്കള്‍. ഇതിലേറെ പ്രധാനം നരയന്‍ പൂക്കളാണ്. മീനമാസത്തിലെ കാര്‍ത്തികനാള്‍ തൊട്ട് പൂരം വരെയുള്ള നാളുകള്‍ കന്യകമാര്‍ക്ക് വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്. .18 നാരിമാരുടെ ഓര്‍മ്മയില്‍ 18 നിറങ്ങള്‍ പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂരക്കളിയില്‍ പാടുന്നുണ്ട്. ആദ്യമായി പെണ്‍കുട്ടികളാണ് ചെമ്പകച്ചോട്ടില്‍ പൂരമാല പാടിക്കളിച്ചതെന്നാണ് പൂരത്തിന്റെ ഐതിഹ്യം. അതുകൊണ്ടുതന്നെയാണ് കാമരൂപമൊരുക്കാന്‍ ചെമ്പകപൂക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതും. പ്രദേശത്തെ പ്രധാന തറവാടുകളിലും വീടുകളിലുമെല്ലാം പൂക്കാമനെ ഒരുക്കിയിട്ടുണ്ട്. സന്ധ്യയോടെ കന്യകമാരാണ് പൂരപ്പൂക്കളുപയോഗിച്ച് കാമരൂപമുണ്ടാക്കിയത്. പൂരംനാളില്‍ രാവിലെ പൂരക്കഞ്ഞിയുണ്ടാക്കി കാമന് വിളമ്പും. പൂരംകുളിയായ അവസാനദിവസം അതുവരെയും കാമദേവന് അര്‍പ്പിച്ച പൂക്കളും പൂരടയും എല്ലാം ഒന്നിച്ച് പൂക്കൂട്ടയില്‍ എടുത്ത് പാലുള്ള മരത്തിന്റെ ചോട്ടില്‍ സമര്‍പ്പിച്ച് കുരവയിട്ട് പിരിയുന്ന ചടങ്ങ് നടക്കും. പിരിയുമ്പോള്‍ കന്യകമാര്‍ അടക്കം പറയും. അടുത്തകൊല്ലവും നേരത്തെ കാലത്തെ വരണേ കാമാ എന്ന് പറഞ്ഞ് കാമദേവനെ യാത്രയാക്കുകയും ചെയ്യുന്നു. സൃഷ്ടിയുടെ പ്രതീകമായ സ്ത്രീകളുടെ വിചാരങ്ങളാണ് ഈ അടക്കം പറച്ചിലില്‍ പ്രതിഫലിക്കുന്നത്.