നീലേശ്വരം : പുതുതായി അനുവദിച്ച രാമേശ്വരം-മംഗളൂരു എക്സ്പ്രസിന് (16621-16622) നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരിൽ വലിയൊരുഭാഗം രാമേശ്വരത്തുനിന്നുള്ളവരാണ്. തീവണ്ടിയുടെ സമയക്രമം പുറത്തുവന്നപ്പോൾ അടുത്തകാലത്തായി യാത്രക്കാരുടെ എണ്ണത്തിൽ വർധനയുള്ള തമിഴ്‌നാട് സ്വദേശികൾ ധാരാളം താമസിക്കുന്ന, ജില്ലയിലെ സാംസ്‌കാരിക കേന്ദ്രമായ നീലേശ്വരം ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് ജനകീയ കൂട്ടായ്മ യോഗം അഭിപ്രായപ്പെട്ടു. രമേശ്വരം എക്‌സ്‌പ്രസിന് സ്റ്റോപ്പനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതർക്ക് ഇ-മെയിൽ സന്ദേശമയച്ചു. തുടർപ്രവർത്തനമായി ട്രെയിനിന്റെ സ്റ്റോപ്പാവശ്യപ്പെട്ട് 1000 പേരുടെ ഒപ്പ് ശേഖരിച്ച് നിവേദനം സമർപ്പിക്കും. മംഗളൂരു -കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്സ്പ്രസ് 16355/16356, മംഗളൂരു – മദ്രാസ്- മംഗളൂരു മെയിൽ എക്സ്പ്രസ് 6601/6602, വണ്ടികൾക്കും നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് യോഗം അധികൃതരോട് അഭ്യർത്ഥിച്ചു. പ്രസിഡന്റ് നന്ദകുമാർ കോറോത്ത് അധ്യക്ഷയായി. സേതു ബങ്കളം, എ. വിനോദ് കുമാർ, ഗോപിനാഥൻ മുതിരക്കാൽ, സി.കെ. അബ്ദുൾ സലാം, കെ. വിദ്യ, പദ്മനാഭൻ മാങ്കുളം, എ.വി. പദ്മനാഭൻ, അശോക് രാജ് വെള്ളിക്കോത്ത്, കെ.വി. സുനിൽരാജ്, കെ.വി. പ്രിയേഷ് കുമാർ എന്നിവർ സംസാരിച്ചു.