ന്യൂഡല്‍ഹി: അത്യന്തം നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മദ്യനയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ കനത്ത പ്രതിഷേധവുമായി എഎപി. ബിജെപി ഓഫീസിലേക്ക് മന്ത്രിമാരായ അതിഷിയുടെയും സൗരഭ് ഭരദ്വാജിന്റെയും നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതിഷി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
മോദിക്കും ബിജെപി സര്‍ക്കാരിനും എതിരേ മുദ്രാവാക്യങ്ങളുമായെത്തിയ പ്രവര്‍ത്തകരെ പോലീസ് നേരിട്ടത് സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുകയായിരുന്നു. പ്രവര്‍ത്തകരെ വലിച്ചിഴച്ചാണ് പോലീസ് വാഹനങ്ങളില്‍ കയറ്റിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗത സ്തംഭനം ഉണ്ടായിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹിയില്‍ പോലീസ് നേരത്തേതന്നെ ശക്തമായ സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്.