പ്രഭാകരന്‍ കാഞ്ഞങ്ങാട്
ഹൊസ്ദുര്‍ഗ്ഗ്: സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമാകുമെന്ന് ഭൂഗര്‍ഭ ജലവകുപ്പിന്റെ മുന്നറിയിപ്പുണ്ടാകുമ്പോഴും വേണ്ട രീതിയില്‍ പരിപോഷിപ്പിക്കാതിരിക്കുകയാണ് ജില്ലയിലെ സുരംഗ (ജലതുരംഗം)നിര്‍മ്മാണം. കൊടുംവേനലില്‍ സുരംഗങ്ങള്‍ എന്നറിയപ്പെടുന്ന ജലതുരങ്കങ്ങളാണ് കാസര്‍കോട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഇന്നും ആശ്വാസമേകുന്നത്. അനധികൃത ബോര്‍വെല്ലുകളും സോഫ്റ്റ് ഡ്രിംഗ് കമ്പനികളും ഭുഗര്‍ഭ ജലം ഊറ്റിയെടുക്കുന്നതിന് യാതൊരു നിയന്ത്രണവും സംസ്ഥാന സര്‍ക്കാരോ ജില്ല ഭൂഗര്‍ഭ ജല വകുപ്പോ ഏര്‍പ്പെടുത്തിയിട്ടില്ല. മലയോരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഭൂഗര്‍ഭത്തിലുള്ള ചെങ്കല്‍ പാറകളില്‍ സംഭരിക്കപ്പെടുന്ന ജലം പോലും അനധികൃത കുഴല്‍കിണറുകള്‍ ഊറ്റിയെടുക്കുന്നുണ്ട്. വീടു നിര്‍മ്മാണത്തിനുപോലും കിണറുകള്‍ കുഴിച്ചുമൂടുന്ന സ്ഥിതിയാണുള്ളത്.
കാഞ്ഞങ്ങാട്, ബേക്കല്‍, പെരിയ, പാക്കം ആലക്കോട് , ഇരിയ, അട്ടേങ്ങാനം, ബേളൂര്‍. പ്രദേശങ്ങളില്‍ വ്യാപകമായ തോതില്‍ ജലശ്രോതസ്സുകളായ കിണറുകള്‍ കുഴിച്ചുമൂടിയിട്ടുണ്ട്. ജില്ലയിലെ കാസര്‍കോട് ബ്ലോക്കില്‍ 494, മഞ്ചേശ്വരം ബ്ലോക്കില്‍ 575, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 371, നീലേശ്വരം ബ്ലോക്കില്‍ 109 ഇങ്ങിനെയാണ് ജില്ലയിലെ കുഴല്‍ കിണറുകളുടെ കണക്കുകള്‍. ആകെ 1549 ഓളം കുഴല്‍ കിണറുകളാണ് ജില്ലയിലുള്ളത്. ഇവയില്‍ 11 ശതമാനവും 300 അടി ആഴമുള്ളവയാണ്. 50 ശതമാനം 220 ഉം 300 അടിക്കും ഇടയില്‍ ആഴമുള്ളവയാണ്. പതിനാലു നദികളുണ്ടായിട്ടും ഇന്നും ജില്ലയുടെ കുടിവെള്ള പ്രശ്നം തീര്‍ക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. വരള്‍ച്ചയുടെ കാലത്ത് ഗ്രാമീണ ജനതയ്ക്ക് വളരെയധികം സഹായകമാണ് ഈ ജലസ്രോതസ്സുകള്‍. ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുന്ന കുഴല്‍ക്കിണറുകള്‍ സാര്‍വ്വത്രികമായിത്തീരുന്നതിനുമുമ്പ് ചെങ്കല്‍പ്പാറയും മണ്ണും നീക്കി ഭൂനിരപ്പില്‍ നിന്ന് തിരശ്ചീനമായി ഗ്രാമീണ ജനതയാണ് മനുഷ്യാധ്വാനത്താല്‍ തുരങ്കങ്ങള്‍ ഉണ്ടാക്കിയിരുന്നത്. പ്രകൃതിയുടെ താളത്തിന് കോട്ടം വരാത്ത ജലസ്രോതസ്സാണ് ഇവ. കാസര്‍കോട് ജില്ലയില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അക്ഷയഖനിയാണ് ഈ സുരംഗങ്ങള്‍. മണ്ണിന്റെ ഘടനയും ജലലഭ്യതയും നോക്കി തുരങ്കങ്ങളുണ്ടാക്കുന്ന വിദഗ്ധ തൊഴിലാളികള്‍ കാസര്‍കോട് ജില്ലക്ക് അന്യമല്ല. കുടിവെള്ളത്തിന് ലക്ഷ്യങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി പാഴാക്കുന്ന സര്‍ക്കാര്‍ ഇവരുടെ സേവനമോ തുരങ്കങ്ങളിലൂടെയുള്ള ജലമാര്‍ഗ്ഗ സാധ്യതകളോ വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടില്ല. ജില്ലയിലെ പനത്തടി, ബളാല്‍, കള്ളാര്‍, കാരാക്കോട്, കോടോം-ബേളൂര്‍, പുല്ലൂര്‍-പെരിയ, മടിക്കൈ, പുത്തിഗെ, ദേലംമ്പാടി, ബദിയഡുക്ക, മുള്ളേരിയ, മുളിയാര്‍, വെസ്റ്റ് എളേരി, വൊര്‍ക്കാടി, കാലിച്ചാനടുക്കം എന്നിവിടങ്ങളില്‍ മനുഷ്യനിര്‍മ്മിതമായ തുരങ്കങ്ങള്‍ ധാരാളമുണ്ട്. ഏകദേശം 600 ല്‍പ്പരം തുരങ്കങ്ങളാണ് ഉള്ളത്. വേനലില്‍ 2 മുതല്‍ 70 ലിറ്റര്‍വരെ വെള്ളം ശേഖരിക്കാന്‍ പറ്റുന്നവയാണിവ. ഉത്തരകേരളത്തിലെ ചെങ്കല്ല് മികച്ച ജലവാഹികളായതിനാല്‍ ഇവ തുരന്ന് തുരങ്കങ്ങളാക്കാന്‍ എളുപ്പമാണ്. ജലലഭ്യത 90 ശതമാനവുമാണെന്ന് തുരങ്കനിര്‍മ്മാണ വിദഗ്ധര്‍ പറയുന്നു.വിദഗ്ധരായ സുരംഗ നിര്‍മ്മാതാക്കള്‍ ഉണ്ടായിട്ടും അവരെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ ജില്ലാ ഭരണകൂടത്തിനായിട്ടില്ല. കാസരഗോഡ്- കര്‍ണാടക അതിര്‍ത്തികളിലായി 5000 തോളം സുരംഗങ്ങല്‍ ഉള്ളതായി പഠനങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ സസ്യങ്ങളുടെ സാന്നിധ്യം നോക്കിയും ചെവികള്‍ ഭൂമിയോട് ചേര്‍ത്ത് വെച്ച് നീരൊഴുക്കിന്റെ സാന്നിധ്യം നോക്കുന്ന വിദഗ്ദ്ധരായ സുരംഗ നിര്‍മ്മാണ വിദ്ഗധര്‍ ഉള്ള പ്രദേശമാണ് കാസര്‍ഗോഡ് ജില്ലയിലെ കേരള കര്‍ണാടക അതിര്‍ത്തികള്‍. വൈദ്യുതിയില്ലായ്മയും മോട്ടോറുകള്‍ വാങ്ങാന്‍ സാമ്പത്തികശേഷി ഇല്ലാത്തവരുമായ ഗ്രാമീണ കര്‍ഷകരാണ് തുരങ്കങ്ങളിലൂടെയുള്ള ജലമാര്‍ഗ്ഗമായ തുരങ്കങ്ങളുണ്ടാക്കിവന്നത്. ഭൂജലവാഹികളായ ശിലാ പഠനങ്ങളിലൂടെ തന്നെ കുഴിക്കുന്നതിനാല്‍ കിണറുകളെക്കാള്‍ എളുപ്പത്തില്‍ ജലലഭ്യതയുണ്ടാക്കാന്‍ കഴിയും.
ജില്ലയില്‍ തെങ്ങ്, കവുങ്ങിന്‍ തോപ്പുകള്‍ നനക്കാനും കുടിവെള്ള ആവശ്യത്തിലുമാണ് ഇത്തരം തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത്. ബി.സി. 700 കളില്‍ മധ്യപൂര്‍വ്വ രാജ്യങ്ങളായ ഇറാന്‍, ഇറാക്ക്, ഈജിപ്ത്, സിറിയ എന്നിവിടങ്ങളില്‍ ഗ്രാമീണര്‍ നിര്‍മ്മിച്ചിരുന്ന കണാട്ടാസ് എന്ന തിരശ്ചീനരീതിയിലുള്ള ദ്വാരങ്ങളോട് ജില്ലയിലെ തുരങ്കങ്ങള്‍ക്ക് സാമ്യമുണ്ട് എന്ന് ജിയോളജി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. വരള്‍ച്ചയും കുടിവെള്ളക്ഷാമവും രൂക്ഷമായ ജില്ലയില്‍ ജലതുരങ്കങ്ങളുടെ സാധ്യത ഔദ്യോഗിക തലത്തില്‍ ഇനിയും പഠനവിധേയമായിട്ടില്ല. ഗ്രാമീണ ജലസംഭരണികളായ മദക്കങ്ങളെയോ കുളങ്ങളെയോ സംരക്ഷിക്കാനും ഇന്നും നടപടികളായിട്ടില്ല. മദക്കങ്ങള്‍ മീന്‍ വളര്‍ത്തലിനും ഉപയോഗിക്കാറുണ്ട്. ഓളിയ വഴി വെള്ളം തുരന്ന് വിട്ട് കുവങ്ങിന്‍ – തെങ്ങിന്‍ തടങ്ങള്‍ നനക്കുന്ന സംവിധാനവും കര്‍ഷകര്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അഞ്ചോളം മദക്കങ്ങളുള്ള നിരവധി കൃഷിയിടങ്ങള്‍ ജിലയുടെ വിവിധ ഭാഗങ്ങളിലുണ്ട്. വേനലില്‍ മലമുകളിലെ കിണറുകള്‍ വറ്റിത്തുടങ്ങിയപ്പോള്‍ കഠിനമായ ജീവിതാനുഭവങ്ങളിലൂടെ നേടിയ കരുത്തുമായി സ്വന്തം നിലക്ക് തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ വിദഗ്ധരായ തൊഴിലാളികളുടെ സേവനം ഉപയോഗിക്കാന്‍ ജില്ലയിലെ മലയോരഗ്രാമീണ കര്‍ഷകര്‍ തയ്യാറായിട്ടുണ്ട്