കാഞ്ഞങ്ങാട്: മുകയ സമുദായത്തിന്റെ പ്രബല ക്ഷേത്രമായ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പുതുതായി അന്തിത്തിരിയന്‍, വായിക്കരയച്ഛന്‍ എന്നീ ആചാര സ്ഥാനങ്ങളിലേക്കുള്ള ആചാരം കൊള്ളല്‍ ചടങ്ങ് മൂന്നാം പൂരനാളില്‍ നടന്നു.
അന്തിത്തിരിയനായി കാറ്റാടിയിലെ ആക്കോടന്‍ ബാലകൃഷ്ണനും ആയിറ്റി ഭഗവതിയുടെ അച്ഛനായ വായിക്കരയച്ചന്‍ സ്ഥാനത്തേക്ക് നീലേശ്വരം കൊട്രച്ചാലിലെ വായിക്കര വിജയനു മാണ് ആചാര സ്ഥാനം ഏറ്റെടുത്തത്. ആചാര സ്ഥാനം ഏറ്റെടുക്കുന്ന ഇരുവരും തറവാട്ടുകാരോട് ഒപ്പം ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് ആചാര സ്ഥാനികരോടും ക്ഷേത്ര ഭാരവാഹികളോടും, മറ്റ് ജനപഥങ്ങളോടും സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള സമ്മതമറിയിച്ചതിനു ശേഷം വെള്ളിക്കോത്ത് വാരിക്കാട്ട് ഇല്ലത്തേക്ക് ഭക്തജനസമേതം പുറപ്പെട്ടു. ഇല്ലത്ത് വച്ച് വാരിക്കാട്ട് ശ്രീധര തന്ത്രി അവര്‍കളുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. വാരിക്കാട്ട് ഇല്ലത്ത് വച്ച് കലശം കുളിച്ച ഇരുവരെയും വാരിക്കാട്ട് ശ്രീധര തന്ത്രികള്‍ സ്ഥാനപ്പേര് ചൊല്ലി വിളിച്ച് ആചാരസ്ഥാനം നല്‍കുന്നതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ദേശത്തിനധിപന്‍ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിലെത്തി ദേവി ദേവന്മാരെ വണങ്ങിയതിന് ശേഷം ചെണ്ട മേളത്തിന്റെയും മറ്റ് ഭക്തജനങ്ങളുടെയും അകമ്പടിയോടെ മാണിക്കോത്ത് മാണിക്യമംഗലം പുന്നക്കാല്‍ ഭഗവതി ക്ഷേത്രത്തില്‍ എത്തി മറ്റ് ചടങ്ങുകള്‍ നടന്നു. ക്ഷേത്രത്തിലെ പൂരോ ത്സവത്തിന്റെ ഭാഗമായുള്ള പൂരംകുളിയിലും ഇനിയുള്ള മറ്റ് ചടങ്ങുകളിലും ഇവര്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കും.