ഗിരിഷ് പുത്തഞ്ചേരി സ്മാരക പുരസ്‌കാരത്തിന് ലാലൂര്‍ വിനോദ് അര്‍ഹനായി

കാഞ്ഞങ്ങാട്: നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 2023-24 വര്‍ഷത്തെ ഗിരിഷ് പുത്തഞ്ചേരി സ്മാരക പുരസ്‌കാരത്തിന് (ഗാനരചന )കവിയും പ്രവാസി എഴുത്തുകാരനുമായ ലാലൂര്‍ വിനോദ് അര്‍ഹനായി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരില്‍ വിവിധ മേഖലകളില്‍ ശോഭിക്കുന്നവര്‍ക്കായ് വര്‍ഷംതോറും നല്‍കി വരുന്ന അവാര്‍ഡുകളില്‍ ഒന്നാണിത്.

മലയാളത്തിലെ ഗാനരചനാരംഗത്തു നിത്യശോഭയുള്ള അക്ഷരവിസ്മയം തീര്‍ത്ത അനുഗ്രഹീത ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ പേരിലുള്ള ഈ അവാര്‍ഡിന്, വളര്‍ന്നുവരുന്ന യുവഗാനരചയിതാവും പ്രവാസി എഴുത്തുകാരനുമായ ലാലൂര്‍ വിനോദിനെ തെരഞ്ഞെടുത്തിരിക്കുന്നത്. മാര്‍ച്ച് 27-ന് തിരുവനന്തപുരം ഹസ്സന്‍ മരയ്ക്കാര്‍ (വിവേകാനന്ദ ) ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നിരവധി കലാസാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തില്‍ പുരസ്‌കാരം സമ്മാനിക്കും. നിരവധി വര്‍ഷങ്ങളായി വിവിധ കലാസാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മകളില്‍ കഴിവു തെളിയിച്ച മികച്ച പ്രവാസി എഴുത്തുകാരന്‍ ആണ് ലാലൂര്‍ വിനോദ്.
ചെറുതും വലുതുമായ നിരവധി അംഗീകരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.
സ്‌കൂള്‍ കോളേജ് പഠനകാലത്തുതന്നെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ഗാനരചന നടത്തി കലാരംഗത്ത് തുടക്കം.
കേരളത്തിലെ ഒട്ടേറെ പ്രശസ്ത നാടകഗ്രൂപ്പുകള്‍ക്കു ഗാനരചന നടത്തി എറണാകുളം കലാചേതനയുടെ സ്ഥിരം ഗാനരചയിതാവായിരിന്നു. പ്രശസ്ത നാടകസംവിധായകനും സിനിമ സീരിയല്‍ നടനുമായ പയ്യന്നുര്‍ മുരളിയുടെ അടുത്ത ബന്ധുകൂടിയാണ് ലാലൂര്‍ വിനോദ്. സുപ്രസിദ്ധ എഴുത്തുകാരന്‍ ദിനേശ് പള്ളത്ത്, പയ്യന്നുര്‍ മുരളി എന്നിവരാണ് ഈ രംഗത്തേയ്ക്ക് കൈപിടിച്ചു ഉയര്‍ത്തിയത്. ഇന്ന് മലയാള മനോരമ, സര്‍ഗം മ്യൂസിക് തുടങ്ങിയ നിരവധി കമ്പനികള്‍ക്കുവേണ്ടി നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.
ഭക്തിഗാനം,സീരിയല്‍ ഗാനങ്ങള്‍,നാടകഗാനങ്ങള്‍ എന്നീ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ വിനോദിന് കഴിഞ്ഞിട്ടുണ്ട്.

വളരെ അനായാസം സന്ദര്‍ഭത്തിന് അനുയോജ്യമായ വരികള്‍ എഴുതാന്‍ കഴിവുണ്ട് ഈ പ്രവാസി എഴുത്തുകാരന്.
അബുദാബി മലയാളി അസോസിയേഷന്‍ പുരസ്‌കാരം, നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് എ.അയ്യപ്പന്‍ സ്മാരക പുരസ്‌കാരം തുടങ്ങിയവ മുന്‍വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നിരവധി സാഹിത്യ ഗ്രൂപ്പുകളില്‍ നടത്തിയിട്ടുള്ള കവിതാമത്സരങ്ങളില്‍ ഒട്ടേറെ തവണ മികച്ച കവിതകയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
പല കവിതകളും വീഡിയോ ഓഡിയോ രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. യുഎ യി ലെ നിരവധി കലാസാഹിത്യ ഗ്രൂപ്പുകളില്‍ സജീവ സാന്നിധ്യമാണ് . വൈപ്പിന്‍ സുരേന്ദ്രന്‍ മാഷ്,സെബി നായമ്പലം, ജോബി എറണാകുളം,
ഹരിമുരളി ഉണ്ണികൃഷ്ണന്‍, കെ.എം.ഉദയന്‍. ടി.എസ്.രാധാകൃഷ്ണന്‍, കാഞ്ഞങ്ങട് രാമചന്ദ്രന്‍, മനോജ് കാഞ്ഞങ്ങാട്, വിജയകുമാര്‍ ചമ്പത്ത് എന്നിവരുടെ സംഗീതത്തില്‍ തൂലിക ചലിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കാസറ്റുയുഗം തീരുന്നതുവരെ നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതിയിട്ടുണ്ട്. ഇപ്പോള്‍ അബുദാബിയില്‍ ഒരു ഓയില്‍ കമ്പനിയില്‍ ജോലി നോക്കുന്നതോടൊപ്പം തന്റെ എഴുത്തിലും വ്യാപൃതനാണ് ഇദ്ദേഹം. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഇരിയ ലാലൂര്‍ എന്ന പ്രദേശത്തു ജനിച്ച അദ്ദേഹം ഇപ്പോള്‍ എറണാകുളത്തു പാലാരിവട്ടത്താണ്സ്ഥിരതാമസം.

Spread the love
error: Content is protected !!