
കാസര്‍കോട് ജില്ലയിലെ പുലിയംകുളം എന്ന സ്ഥലത്ത് ഒരു കാടുണ്ട് 32 ഏക്കറോളം പരന്ന് തിങ്ങി നില്‍ക്കുന്ന കാട്. ഈ കാട്ടിലെ കിളികളും, ശലഭങ്ങളും മരങ്ങളും സംസാരിക്കുന്നത് തങ്ങള്‍ക്ക് ചേക്കേറാന്‍ വീട് ഒരുക്കിത്തന്ന, മതിമറന്നു പാടാന്‍, മതിയാവോളം തേന്‍ കുടിക്കാന്‍ കാട് ഉണ്ടാക്കിത്തന്ന ഒരു മനുഷ്യനെക്കുറിച്ചാണ്. കിളികള്‍ക്ക് പാടാനും ഉറുമ്പുകള്‍ക്ക് കൂടൊരുക്കാനും ഉണ്ടായ കാട് ഒരാളുടെ മാത്രം സ്വന്തമാണ്.
1947 ല്‍ നീലേശ്വരത്തെ കോട്ടപ്പുറത്ത് ജനിച്ച ഒരു പാവം നാട്ടുംപുറത്തുകാരനെ ആദ്യം അറിയുക. പി. അബ്ദുള്‍ കരീം എന്ന 70 കാരനെ. പിന്നെ കരീമിന്റെ സ്വന്തം കാടിനെ. ഈ മനുഷ്യന് മരങ്ങളോട് സംസാരിക്കാനറിയാം. പ്രകൃതിഭാഷയുടെ താളമറിയാം. ചോണനുറുമ്പിനും, കൂമനും, അണ്ണാറക്കണ്ണനും വീടുണ്ടാക്കാനറിയാം. വരണ്ടുണങ്ങി തീപൊള്ളുന്ന പുലിയം കുളം എന്ന പാറപ്പരപ്പിനെ, ജീവിതത്തിന്റെ പിന്നാമ്പുറക്കഥകള്‍ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞ മനുഷ്യനെ. ജനിച്ച നാടിനെ സ്നേഹിക്കാന്‍, പിറന്നു വീണപ്പോള്‍ ശ്വസിച്ച വായുവിന്റെ സുഗന്ധം തിരിച്ചുപിടിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു കൃഷിക്കാരനാണ് കരീം. മരം നടുന്നവനെ ഭ്രാന്തനെന്ന് വിളിച്ച നാട്ടുകാര്‍ക്ക് മരങ്ങള്‍ക്കൊപ്പം നാട്ടുകാരെയും സ്നേഹിച്ച് മറുപടി നല്‍കി. 1947 ല്‍ മാര്‍ച്ച് മാസത്തില്‍ പിറന്ന് വീണപ്പോള്‍ താന്‍ വലിയൊരുകച്ചവടക്കാരനാകാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നിരിക്കാം. ഈ മകനെ മറ്റാരും അറിഞ്ഞില്ല. പിന്നീട് നാട് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അമേരിക്കയിലെ ട്രിനിറ്റി കോളേജിലെ ക്ലാസ്മുറികളോളം നീണ്ടു. വെറുതെ മരം നട്ടുവളര്‍ത്തിയ ഒരു ഭ്രാന്തന്‍ നാട്ടുകാരനെ, ഗ്രാമീണനെ, ലോകമറിയാന്‍ തുടങ്ങിയത് പുതിയ കഥ. അതിന് മുമ്പ് കാസര്‍കോട് ഗവ: കോളേജിലെ പഠിത്തവും കഴിഞ്ഞ് മുംബയിലേക്ക് ജോലിയന്വേഷിച്ച് പോയ ഒരുപാട് നിറമുള്ള ഗള്‍ഫ് മണമുള്ള സ്വപ്നങ്ങളുമുണ്ടായിരുന്നു ഈ ചെറുപ്പക്കരനെന്ന് ആരും അറിഞ്ഞിരുന്നില്ല. ഷിപ്പിങ്ങ് കമ്പനിയില്‍ ഒരു ജോലി, ഒപ്പം വഖഫ് ബോര്‍ഡിലെ ടൈപ്പിസ്റ്റ് പണിയും. അന്ന് ഗള്‍ഫ് സ്വപ്നക്കാരുട കാലമായിരുന്നു. ഗള്‍ഫ് യാത്രക്കാര്‍ക്കായി തുടങ്ങിയ മര്‍ഹബ ട്രാവല്‍സ് നല്ലരീതിയില്‍ മുന്നോട്ട് പോയി. ദുബായിലും, സൗദിഅറേബ്യയിലും മദ്രാസിലുമെല്ലാം പറന്നുനടന്ന ജീവിതം മടുത്തു തുടങ്ങിയപ്പോള്‍ 29 ാം വയസില്‍ നാട്ടിലേക്ക് വണ്ടി കയറി. മനസുനിറയെ നാടും പ്രകൃതിയും ഗൃഹാതുരത്വവും പടര്‍ന്നു കയറിയപ്പോള്‍. 1979 ല്‍ നീലേശ്വരത്തിനടുത്ത പുലിയംകുളത്ത് 3750 രൂപയ്ക്ക് പാറകള്‍ മാത്രം മുളച്ചുനിന്നിരുന്ന അഞ്ചേക്കറോളം തരിശ് ഭൂമി വിലയ്ക്കു വാങ്ങി. മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യനും താഴെ ചുട്ടുപൊള്ളുന്ന ഒരേക്കറോളം നീണ്ട് നില്‍ക്കുന്ന പാറകള്‍ക്കും വരണ്ട ആകാശത്തിനുകീഴെ ഒരു വേഴാമ്പലിനെപ്പോലെ കരീമെന്ന ചെറുപ്പക്കാരന്‍ കാത്തിരുന്നു. താന്‍ നട്ട കാട്ടുമരച്ചെടികള്‍ തളിരിടുന്നതും മാനം മുട്ടെ വളര്‍ന്ന് മരമാകുന്നതും കാത്ത്.
ചെങ്കല്‍പ്പാറയില്‍ മരം നട്ടുവളര്‍ത്താന്‍ നോക്കുന്ന വിഡ്ഢിയായ പണക്കാരനെ നാട്ടുകാരും നോക്കിയിരുന്നു. ജീവിതത്തിന്റെ ആനന്തങ്ങലെ നഷ്ടപ്പെടുത്തിയാണ് ഈ മനുഷ്യന്‍ കരംമ്പാറക്കൂട്ടത്തില്‍ മരം നടാന്‍ എത്തിയത്. ജീവിക്കാന്‍വേണ്ടി താന്‍ നടത്തിയ ഗള്‍ഫ് യാത്രകളും തന്റെ നാടുമാണ് മരങ്ങളെയും പ്രകൃതിയെയും സ്നേഹിക്കാന്‍ പ്രചോദനമായതെന്ന് കരീം പറയും. എഴുപതുകളില്‍ നടത്തിയ ഈ യാത്രകള്‍ മരുഭൂമി കരീമിന് നല്‍കിയ കാരുണ്യമാണ്. ഷേയ്ക്ക് സാഹിദ് ചക്രവര്‍ത്തിയുടെ ഓര്‍മ്മകള്‍ തനിക്ക് മന്ദാരപ്പൂക്കളാണെന്ന് കരീം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സ്നേഹി ഈ ചക്രവര്‍ത്തിയാണ്. ദുബായിലെയും, അബുദാബിയിലെയും തെരുവുവീഥികളില്‍ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന ,ഷേയ്ക്ക് സയ്യിദിന്റെ പ്രവര്‍ത്തനങ്ങളെ എത്രപുകഴ്ത്തിയാലും ഈ മനുഷ്യന് മതിയാകുന്നില്ല. ഇന്നത്തെ ദുബായ് നഗരത്തിന്റെ ഹരിത ഭംഗിക്കുപിന്നില്‍ പ്രകൃതി സ്നേഹിയായ ഈ ചക്രവര്‍ത്തിയുടെ കരങ്ങളാണെന്ന് കരീം ആഹ്ലാദത്തോടെ പറയുന്നു. പ്രതിബന്ധങ്ങളെ ദൂരെതട്ടിയെറിഞ്ഞ് യാത്രകള്‍ത്തുടര്‍ന്ന കരീമിന്റെ പുലിയംകുളത്ത് ഇന്ന് 32 ഏക്കറോളം നിബിഡമായ വനഭൂമിയാണ്. എവിടെയും പച്ചപ്പ് മാത്രം. ആറോളം ജലശേഖരങ്ങള്‍ ഉണ്ട് ഈ കാട്ടില്‍. ഒരു തുള്ളി പോലും ഊറ്റിയെടുക്കാനില്ലാതിരുന്ന, തിളച്ചുപൊള്ളുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നാണ് അപീര്‍വ്വ സസ്യജാലങ്ങളുടെ, ശുദ്ധജലം നിറഞ്ഞു നില്‍ക്കുന്ന ഈ ഹരിതഭൂമിയുണ്ടായത്. കവിതയ്ക്കും പ്രസംഗത്തിനും മരംനടാനോ വളര്‍ത്താനോ ആവില്ല. പ്രസംഗങ്ങള്‍ക്കു പകരം മരത്തിന്റെ വിത്തുകളാണ് വിതയ്ക്കേണ്ടത് എന്നാണ് കരീമിന്റെ സാക്ഷ്യം. കാടിന് പുറത്തുള്ള ഭുമിയിലൊന്നും ഇപ്പോഴും കിണറുകള്‍ കുഴിച്ചാല്‍ വെള്ളം കിട്ടാറില്ല. കരീമിന്റെ കാട്ടിലെ ജലസമൃദ്ധി മരങ്ങള്‍ ഈ മനുഷ്യന് നല്‍കിയ വരമാണെന്ന് നാട്ടുകാര്‍ പറയുന്നതിലേക്ക് എത്തിച്ചിരിക്കുന്നു. 26 വര്‍ഷം പഴക്കമുള്ള പുല്ലാനി മരം ഈകാട്ടില്‍ വളരുന്നുണ്ട്. ഇരൂള്, മരുത്, അത്തി, വേങ്ങ, കൊടപ്പാല, മഹാഗണി, ചന്ദനം തുടങ്ങി 280 തിലധികം വൃക്ഷങ്ങള്‍ കരീമിന്റെ കാട്ടിലുണ്ട്. മുയലുകള്‍ , കീരി, കുറുക്കന്‍ ,കാട്ടുകോഴി, പന്നി, വെരുക് തുടങ്ങയവയും ധാരാളം. 1986 ലാണ് ഈ കാട്ടിനകത്ത് കരീമും കുടുംബവും വീട് വെച്ച് താമസം തുടങ്ങിയത്. ഒരു തുള്ളിപോലും വെള്ളം കിട്ടാതിരുന്ന ഈ സ്ഥലത്ത് ഒന്നരലക്ഷത്തോളം ലിറ്റര്‍ വെള്ളം പമ്പ്ചെയ്തെടുക്കുന്നുണ്ട്. ‘സേവ് ട്രീ, ജനറേറ്റ് ലൈഫ് ‘ എന്നതാണ് കരീമിന്റെ മുദ്രാവാക്യം. കരീമിന്റെ കാട് ഇന്നൊരു സ്വഭാവിക വനത്തിന്റെ ഘടന കൈവരിച്ചിരിക്കുന്നു. ശുദ്ധജലമുണ്ടാകുന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമായി 32 ഏക്കര്‍ കാട് മാറിയിരിക്കുന്നു. ലാറ്ററേറ്റിലൂടെ അരിച്ചിറങ്ങുന്ന ഭൂഗര്‍ഭ ജലമാണ് കുളങ്ങളിലുള്ളത്. എട്ട് വര്‍ഷമായി കുപ്പിയില്‍ നിറച്ചുവെച്ചിട്ടുള്ള ഇവിടുത്തെ വെള്ളത്തിന് ഇപ്പോഴും യാതൊരുമാറ്റവുമില്ല. ‘കരീംസ് ഫോറസ്റ്റ് പാര്‍ക്ക് ‘ എന്നാണ് ഈ കാടിന് പേരിട്ടിരിക്കുന്നത്. പരിസ്ഥിതി ബോധമുള്ള ആള്‍ക്കാര്‍ക്കുമാത്രമേ ഈ കാട് ആസ്വദിക്കാനും പഠിക്കാനുമാകൂ. കാട്ടിലൂടെ നടന്നു പോവാന്‍ കരീമിന്റെ കാനന പാതകളും. കാടിന്റെ നിയമങ്ങള്‍ ഇവിടെയും പാലിക്കപ്പെടണമെന്ന് ഈ പ്രകൃതി സ്നേഹിക്ക് നിര്‍ബന്ധമുണ്ട്. 300 ലധികം ഔഷധ സസ്യങ്ങള്‍ ഈ കാട്ടിലെ മരങ്ങള്‍ക്കിടയില്‍ ഇടതൂര്‍ന്ന് വളരുന്നു. വളര്‍ത്തുമൃഗങ്ങളൊന്നും കരീമിന്റെ വീട്ടിലില്ല. കാട്ടിലെ മൃഗങ്ങളല്ലാതെ. മണ്ണില്‍ വീഴുന്ന കരിയിലകള്‍ ഒരു പുതപ്പായി രൂപപ്പെട്ടിരിക്കുന്നത് കാണാം. ഒരു നാച്വറല്‍ ഹെര്‍ബേറിയമാണ് ഇതെന്ന് കരീം പറയുന്നു. രണ്ടര കി.മി. നീണ്ട കാട്ടുവഴികളാണ് യാത്രചെയ്യാനുള്ളത്. രോഗങ്ങളില്ലാത്ത ഒരു കുടുംബമാണ് തന്റേതെന്ന് കരീം അഭിമാനത്തോടെ പറയുന്നു. തന്റെ കാടിനെ ഇക്കോടൂറിസത്തിന് വിട്ടുകൊടുക്കാന്‍ ഈ മനുഷ്യന്‍ തയ്യാറല്ല. പ്രകൃതിസ്നേഹികള്‍ എന്ന് നടിച്ച് പാട്ടുപാടി നടക്കുന്നവര്‍ക്ക് തിമിര്‍ത്താടാന്‍ ഈ കാട് കരീം വിട്ടുകൊടുക്കില്ല. നിരവധി പുരസ്‌ക്കാരങ്ങള്‍ തേടിവന്നിട്ടും ഇയാള്‍ അഹങ്കാരിയാകുന്നില്ല.
1988 ജൂണ്‍ 5 ന് മുംബൈയില്‍ വെച്ച് ഏറ്റവും നല്ല പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് അമിതാബ് ബച്ചനില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. കൊച്ചി എന്‍വയണ്‍മെന്റ് മോണിറ്ററിങ്ങ് ഫോറത്തിന്റെ പി.വി.തമ്പി മെമ്മോറിയല്‍ എന്‍ഡോവ് മെന്റ് ലഭിച്ചു. യുനൈറ്റഡ് നേഷന്‍സിന്റെ യുനിഫ് അവാര്‍ഡിന് കരീം നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 1998 ല്‍ കേരളാഫോറസ്റ്റ് റിസര്‍ച്ച് അവാര്‍ഡ് ലഭിച്ചു. 2003 ല്‍ ഭാരത് പെട്രോളിയത്തിന്റെ ഇന്ത്യാ ഇന്‍സ്പെയര്‍ അവാര്‍ഡ്. ‘എ വണ്ടര്‍ഫുള്‍ എക്സാമ്പിളര്‍ ഓഫ് ദി പവര്‍ വിത്ത് നേച്ച്വര്‍’ എന്നാണ് കരീമിന്റെ കാട് കണ്ട പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമി നാഥന്‍ സന്ദര്‍ശക പുസ്തകത്തില്‍ എഴുതിവെച്ചത്. ലോകത്തിന്റെ നാനാഭാഗത്തു നിന്നും കരീമിന്റെ സ്വ ന്തം കാട്ടിലേക്ക് സന്ദര്‍ശകര്‍ എത്തുന്നു. ആസ്ത്രേലിയ, പാക്കിസ്ഥാന്‍, അമേരിക്ക, ലണ്ടന്‍, മുംബൈ, ഇങ്ങനെ നിരവധി ഇടങ്ങളില്‍ നിന്ന്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പരസ്യകാമ്പയിന്‍ ആയ ഇന്ത്യ ഇന്‍സ്പയേര്‍ഡ് ആഡിന്റെ പ്രധാന മോഡലായി അബ്ദുള്‍ കരീം നിറഞ്ഞു നിന്നു. ഈ പ്രകൃതിയോട് സ്നേഹംതോന്നിയിരുന്നില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യത്തിന് ഉത്തരമില്ല. മറ്റെന്താകാനാണ് കരീമിന് കഴിയുക. ജീവിതത്തെക്കാള്‍ മരങ്ങളെ സ്നേഹിക്കുകയാണ് ഈ മനുഷ്യന്‍. മണ്ണിനെയും, മനുഷ്യരെയും, പൂക്കളെയും സ്നേഹിക്കുകയും അവയെ തിരിച്ചറിയുകയും ചെയ്യുകയാണ് കരീം എന്ന നാട്ടിന്‍പുറത്തുകാരന്‍. ഗ്ലെന്‍ബാരി എന്ന ഡെന്‍മാര്‍ക്കുകാരന്‍ പരിസ്ഥിതി സ്നേഹിക്കും ഇയാള്‍ കൂട്ടുകാരനായത് ഇങ്ങനയൊക്കെയാണെന്ന് നമ്മള്‍ തിരിച്ചറിയുന്നു. ഗ്ലെന്‍ബാരിയുടെ പരിസ്ഥിതിപോര്‍ട്ടലുകളില്‍ കരീമിന്റെ കാടിനെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നു. പ്രകൃതിയെ സ്നേഹിക്കുന്നവന്റെ തിരിച്ചറിവ് ദൈവത്തെക്കുറിച്ചാണോ എന്നും മണ്ണിന്റെ ഗന്ധം തിരിച്ചറിയുന്നവന്‍ ദൈവ സാന്നിധ്യമാണോ അറിയുന്നത്. കവിത കാട് തരില്ലെന്നും. പ്രകൃതിയും ദൈവവും ഒന്നാണെന്ന് തിരിച്ചറിഞ്ഞ ആദ്യത്തെ മനുഷ്യന്‍ പി. അബ്ദുള്‍കരീമെന്ന പരിസ്ഥിതി വാദിയായിരിക്കാം. കരിമ്പാറകളില്‍ നിന്ന് കാട്ടുമരങ്ങള്‍ മുളപ്പിച്ചെടുത്ത കാടിന്റെസ്വന്തംകരീം.