കാഞ്ഞങ്ങാട് : തിരുവനന്തപുരം ചെങ്കോട്ടു കോണം ശ്രീരാമദാസ ആശ്രമത്തിന്റെയും ശ്രീരാമദാസ മിഷന്‍ യൂനിവേഴ്‌സല്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലുള്ള 34 മത് ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 22 ന് വെള്ളിയാഴ്ച കൊല്ലൂര്‍ ശ്രീമൂകാംബികാ ക്ഷേത്രത്തില്‍ നിന്നും പരിക്രമണം ആരംഭിക്കും.
ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്‌മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ശ്രീമൂകാംബികയുടെ ശ്രീകോവിലില്‍ നിന്നും തന്ത്രി കൊളുത്തി നല്‍കിയ ജ്യോതി രഥത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ ഈ വര്‍ഷത്തെ രഥയാത്രയ്ക്ക് തുടക്കമാവും.
കൊല്ലൂര്‍, കുന്താപുര, ഉഡുപ്പി, മംഗലാപുരം എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി രഥം കാസര്‍കോട് ജില്ലയില്‍ പ്രവേശിക്കും. 23 ന് ശനിയാഴ്ച ഉപ്പള കൊണ്ടേവൂര്‍ ആശ്രമം, കുമ്പള അനന്തപുരം ക്ഷേത്രം, കാസര്‍കോട് ചിന്മയ മിഷന്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രഥം വൈകീട്ട് 3 മണിയോടുകൂടി കാഞ്ഞങ്ങാട് ശ്രീ നിത്യാനന്ദാശ്രമത്തിലെത്തും. തുടര്‍ന്ന് മാവുങ്കാല്‍ രാംനഗര്‍ ആനന്ദാശ്രമത്തില്‍ സമാപനം. 24ന് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം, നീലേശ്വരം തളി അയ്യപ്പഭജനമഠം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ചായ്യോത്ത്, കയ്യൂര്‍, ചീമേനി വഴി കിണര്‍മുക്ക് അവധൂതാശ്രമത്തിലെത്തും. ഇവിടുത്തെ സ്വീകരണത്തിന് ശേഷം രഥം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.